‘1947ന് ശേഷം മാനനഷ്ടക്കേസിൽ പരമാവധി ശിക്ഷ ലഭിക്കുന്ന രാജ്യത്തെ ആദ്യ വ്യക്തി’: അയോഗ്യതയെക്കുറിച്ച് രാഹുൽ

സ്വാതന്ത്ര്യത്തിന് ശേഷം മാനനഷ്ടക്കേസിൽ ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയാണ് താനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഞാൻ ഒരു ആലങ്കാരിക ചോദ്യം ചോദിച്ചു. 1947ന് ശേഷം ചരിത്രത്തിൽ മാനനഷ്ടക്കേസിന് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയാണ് ഞാൻ. ആദ്യ കുറ്റത്തിന് ആർക്കും പരമാവധി ശിക്ഷ ലഭിച്ചിട്ടില്ല. പാർലമെന്റിൽ അദാനിയെക്കുറിച്ചുള്ള പ്രസംഗത്തിന് പിന്നാലെയാണ് എൻ്റെ അയോഗ്യത എന്നുള്ളതാണ് രസകരം” – യുഎസിലെ വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കും. മാത്രമല്ല ഫലങ്ങൾ ആളുകളെ അത്ഭുതപ്പെടുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നതെന്നും കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർട്ടികളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Story Highlights: First person in India to be given highest punishment for defamation case: Rahul Gandhi