അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന തരത്തിൽ തെറ്റായ വിവരം പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി; തേനി ജില്ല കളക്ടർ

സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന നടപടി കൈക്കൊള്ളാനൊരുങ്ങുന്നത്. നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പൻ നിൽക്കുന്നത്. ( False social media posts about Arikomban Theni district collector response ).
ആനയെ നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും ദൂരെ വനത്തിലാണ് ആനയിപ്പോഴുള്ളത് എന്നത് ആശ്വാസകരമാണ്. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. അരിക്കൊമ്പൻ വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.
Read Also: അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാം പരിസരത്ത് തന്നെ; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്
പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.
അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് എത്തിച്ചിരുന്നു. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് എത്തിയത്. ഉൾക്കാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനൊപ്പം ആന, ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കാനുള്ള സംഘവും സജ്ജമാണ്.
Story Highlights: False social media posts about Arikomban Theni district collector response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here