Advertisement

ആധിയോടെ വിളിക്കുന്ന ഫോണ്‍കോളുകള്‍ പ്രീയപ്പെട്ടവരുടെ അടുത്തേക്കുള്ള വഴികാട്ടിയായി, ചില ഫോണ്‍മുഴക്കങ്ങള്‍ പരുക്കേറ്റവരിലേക്കെത്തിച്ചു, ചിലവ ചേതനയറ്റ ശരീരങ്ങളിലേക്കും….

June 3, 2023
Google News 4 minutes Read
Odisha train accident Ringing mobile phones help relatives find injured kin

ഒഡിഷയിലെ ആള്‍ത്തിരക്കില്ലാത്ത, അധികമാരും അറിയാത്ത ബഹനാഗയും ബലാസോറയുമെല്ലാം വളരെപ്പെട്ടാണ് രാജ്യത്തിന്റെ വിങ്ങലായ ദുരന്തഭൂമിയായി മാറി ദേശീയ, അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചത്. ഇന്നലെ രാത്രി മുതല്‍ കണ്ണീരുണങ്ങാത്ത ആ ചെറുഗ്രാമം നൂറുകണക്കിന് മൃതദേഹങ്ങളുടെ നടുക്കുന്ന കാഴ്ചയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. മരിച്ചവരുടെ എണ്ണം പോലും പൂര്‍ണമായി തിട്ടപ്പെടുത്താനോ ഔദ്യോഗികമായി സ്ഥിരീകരിക്കാനോ കഴിയാത്ത പശ്ചാത്തലത്തില്‍ സ്‌കൂളുകളിലും മറ്റും നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെ സമീപമിരുന്ന് മുഴങ്ങുന്ന മൊബൈല്‍ ഫോണുകള്‍ ഉള്ളുനോവിക്കുന്ന കാഴ്ചയുമാകുകയാണ്. (Odisha train accident Ringing mobile phones help relatives find injured kin)

അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പ്രീയപ്പെട്ടവരുടെ വിവരങ്ങളറിയാന്‍ ആധിയോടെ ആരൊക്കെയോ വിളിക്കുന്ന ഫോണ്‍വിളികളാണ് അറ്റന്റ് ചെയ്യപ്പെടാതെ മൃതദേഹങ്ങള്‍ക്ക് സമീപമിരുന്ന് മുഴങ്ങുന്നത്. വേനലവധി കഴിഞ്ഞ് തുറക്കേണ്ട ബഹനാഗ ഹൈ സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് താത്ക്കാലിക മോര്‍ച്ചറിയായിട്ടാണ്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ നിരത്തിയിട്ടിരിക്കുന്ന ആ മൃതദേഹങ്ങളുടെ സമീപത്തുനിന്ന് സ്‌കൂള്‍ കെട്ടിടത്തെയാകെ ഉലച്ചുകൊണ്ട് ഫോണ്‍വിളികളെത്തും. നിരാശയോടെ പുലര്‍ച്ചയോളം ആരൊക്കെയോ വിളിക്കുന്ന ഈ ഫോണ്‍വിളികള്‍ കേട്ട് താന്‍ പകച്ച് നിന്ന അനുഭവം ദി ഹിന്ദു റിപ്പോര്‍ട്ടര്‍ സത്യസുന്ദര്‍ ബരിക് വിവരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുകയാണ്.

Read Also: ഏജന്റ് പറ്റിച്ച് സീറ്റുപോയി, യാത്രക്കാരില്‍ നിന്ന് അപമാനമേറ്റ് മാറിനിന്നു, അഞ്ച് മിനിറ്റ് കഴിഞ്ഞ് അപകടം; തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിര്‍ത്താതെ അടിക്കുന്ന മൊബൈല്‍ ഫോണുകള്‍ പരുക്കേറ്റവരെ തിരഞ്ഞെത്തുന്ന പ്രീയപ്പെട്ടവര്‍ക്ക് അവരുടെ അരികിലേക്ക് എത്താനുള്ള വഴികാട്ടിയായി. മൊബൈല്‍ ഫോണ്‍ ശബ്ദം കേട്ട് ഒടുവില്‍ പ്രീയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കാണേണ്ടിവരല്ലേ എന്ന പ്രാര്‍ത്ഥനയോടെ വീണ്ടും വീണ്ടും അവര്‍ ഫോണ്‍ ഡയല്‍ ചെയ്യുന്ന കാഴ്ചകളും ഉള്ളുലയ്ക്കുന്നതാണ്. ആദ്യമാദ്യം മൃതദേഹങ്ങള്‍ കാണുമ്പോള്‍ നടുങ്ങിപ്പോയിരുന്നെന്നും പിന്നീട് പ്രദേശമാകെ പരുക്കേറ്റവരേയും മരണപ്പെട്ടവരേയും കൊണ്ട് നിറഞ്ഞപ്പോള്‍ തങ്ങളുടെ മനസിലുണ്ടായിരുന്നത് ഒരുതരം മരവിപ്പും നിര്‍വികാരയുമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന നിഹാര്‍ രഞ്ജന്‍ ബാരിക് എന്നയാള്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

ഇന്നലെയുണ്ടായ ദുരന്തത്തില്‍ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 300നടുത്ത് ആളുകള്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

Story Highlights: Odisha train accident Ringing mobile phones help relatives find injured kin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here