റെയിൽവേ മുഖം മിനുക്കുമ്പോഴും സിഗ്നൽ സംവിധാനം പഴയപടി തന്നെ; ഒഡിഷയിലെ ട്രെയിൻ ദുരന്തം വിരൽ ചൂണ്ടുന്നത്…
ഒഡിഷയിലെ ട്രെയിന്‍ അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്നൽ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകൾ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടും മുമ്പാണ് സിഗ്നൽ തകരാർ മൂലം ഒഡിഷയിൽ തന്നെ ട്രെയിൻ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവൻ നഷ്ടമാകുന്നതും. ( Railway signalling problems behind Odisha train accident ).
കോറമണ്ടൽ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് ഷാലിമാർ വരെ സഞ്ചരിക്കുന്നത് ഏകദേശം 27 മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ടാണ് (1662 കിലോമീറ്റർ). അതായത് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിലാണ് കോറമണ്ടൽ എക്സ്പ്രസ് സഞ്ചരിക്കേണ്ടത്. എന്നാൽ അപകട സമയത്ത് കോറമണ്ടൽ എക്സ്പ്രസിന് വേഗത കുറവായിരുന്നു. എന്നിരുന്നാലും 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട ട്രെയിൻ പോകുമ്പോഴുണ്ടാവേണ്ട ശ്രദ്ധ സിഗ്നലിങ്ങിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തം.
ആദ്യ അപകടത്തിന് ശേഷം 10 മിനിറ്റിനുള്ളിൽ ഹൗറ എക്സ്പ്രസ് വന്നതുകൊണ്ടാണ് സിഗ്നലിങ്ങിന് വേണ്ടത്ര സമയം കിട്ടാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. മിന്നൽ വേഗത്തിൽ സിഗ്നൽ സംവിധാനം പ്രവർത്തിക്കേണ്ട സമയത്താണ് ഈ അനാസ്ഥയുണ്ടായത്. ഇന്ത്യൻ റെയിൽവേയുടെ സിഗ്നലിംഗ് രീതികൾ കാളവണ്ടി യുഗത്തിലേതാണോ എന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്. റെയിൽവേയുടെ അന്വേഷണ റിപ്പോർട്ടുകൾ വിശ്വാസ യോഗ്യമല്ലെന്ന ആക്ഷേപം നേരത്തേ പല തവണ ഉയർന്നിട്ടുണ്ട് താനും. അതേസമയം, അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടതായി കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 1000ലേറെ പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ട്രെയിൻ അപകടത്തെ തുടർന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഒഡിഷയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി. ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തിൽ താൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നിൽക്കുന്നെന്ന് വ്യക്തമാക്കി.
Story Highlights: Railway signalling problems behind Odisha train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here