ജോഷ് ഹേസൽവുഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കില്ല; ഓസ്ട്രേലിയക്ക് തിരിച്ചടി

ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കില്ല. പരുക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതിനാലാണ് താരത്തെ പുറത്തിരുത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു പിന്നാലെ ആഷസ് പരമ്പര നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ പൂർണ ഫിറ്റല്ലാതെ ഹേസൽവുഡിനെ കളിപ്പിച്ചാൽ തിരിച്ചടിയാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കരുതുന്നു. ഹേസൽവുഡിനു പകരം മൈക്കൽ നെസെറിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. ജൂൺ 16ന് ആഷസ് ആരംഭിക്കും.
ഹേസൽവുഡ് പുറത്തായതോടെ സ്കോട്ട് ബോളണ്ട് മൂന്നാം പേസറായി കളിച്ചേക്കും. 32 വയസുകാരനായ ഹേസൽവുഡ് ഇക്കഴിഞ്ഞ ഐപിഎലിൽ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. റോയൽ ചലഞ്ചേഴ്സിൻ്റെ താരമായിരുന്ന ഹേസൽവുഡ് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ലീഗ് മത്സരത്തിനു മുൻപ് നാട്ടിലേക്ക് മടങ്ങി. പരുക്കേറ്റതിനെ തുടർന്നാണ് താരം മടങ്ങിയത്. ഐപിഎലിൻ്റെ സിംഹഭാഗവും പരുക്കേറ്റ് നഷ്ടമായ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കുമോ എന്ന് സംശയമായിരുന്നു. പിന്നീട് താരത്തെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന സമയത്ത് ഹേസൽവുഡിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
Story Highlights: josh hazlewood australia wtc final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here