കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്‌നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇതെല്ലാം മാറിമാറി വന്നൊടുവില്‍ നായകനോട് സുധി പറയും… ഞാന്‍ പോണേണ്, വെറുതെ എന്തിനാണ് എക്‌സ്പ്രഷന്‍ ഇട്ട് ചാവണതെന്ന്. നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ കൊല്ലം സുധി ഇത് പറയുമ്പോള്‍ തിയേറ്ററില്‍ ഉയര്‍ന്നത് വലിയ പൊട്ടിച്ചിരിയാണ്. ഓര്‍ത്തോര്‍ത്ത് ചിരിക്കാനാകുന്ന എക്‌സ്പ്രഷനുകളും തഗുകളും മറുതഗുകളും മാത്രം ബാക്കിവച്ച് അകാലത്തില്‍ സുധി മടങ്ങുമ്പോള്‍ സിനിമാ, ടെലിവിഷന്‍ താരങ്ങളും പ്രേക്ഷകരുമെല്ലാം വേദനയിലാണ്. (Kollam Sudhi films, television and mimicry career)
ഹാസ്യലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാന്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ഒടുവില്‍ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലൂടെ വലിയ പ്രേക്ഷക സ്വീകാര്യതയും നേടിത്തുടങ്ങുമ്പോള്‍ ഈ കലാകാരന്‍ വിടപറയുന്നു എന്നതാണ് ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാര്യം. സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹം ബാക്കി വച്ചാണ് സുധി മടങ്ങിയത്.
താന്‍ സ്വരുക്കൂട്ടുന്ന പൈസ കൊണ്ട് സ്വസ്ഥമായി ഉറങ്ങാന്‍ ഒരു വീട് പണിയാന്‍ സുധിക്ക് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. നിരവധി സ്റ്റേജ് ഷോകള്‍ കാലേകൂട്ടി ഏറ്റെടുത്ത് അഡ്വാന്‍സ് വാങ്ങി പരിപാടികള്‍ കഴിയുന്ന മുറയ്ക്ക് തന്റെ വീടുയരുന്നതും സ്വപ്‌നം കണ്ട് സുധിയിരുന്നു. എന്നാല്‍ കൊവിഡ് ഈ ആഗ്രഹങ്ങളൊക്കെ തകര്‍ത്തു. ആറ് മാസത്തിനുള്ളില്‍ വിചാരിച്ച പണമൊന്നും കിട്ടിയില്ല. വിദേശത്തും സ്വദേശത്തും ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും പിന്‍വലിക്കപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ വീടുയര്‍ന്നില്ല. അക്കാലത്തും ഫഌവേഴ്‌സ് സ്റ്റാര്‍ മാജിക് സുധിയെ കൈവിട്ടിരുന്നില്ല. തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ നിരവധി സുമനസുകളും സുധിയെ സഹായിച്ചു.
15-ാം വയസുമുതല്‍ തന്നെ സുധി സ്റ്റേജുകളില്‍ സജീവ സാന്നിധ്യമായിരുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയപ്പോഴും കൈക്കുഞ്ഞ് മാത്രം വീട്ടിലുള്ളപ്പോഴും സുധി തളര്‍ന്നില്ല. കൈക്കുഞ്ഞിനേയും എടുത്ത് സ്‌റ്റേജുകളില്‍ നിന്ന് സ്‌റ്റേജുകളിലേക്ക് പോയി. പെര്‍ഫോം ചെയ്യാനുള്ള സമയമെത്തുമ്പോള്‍ അസീസ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിക്കും. സുധിയുടെ ഹാസ്യവേദികളിലെ യാത്രയ്‌ക്കൊപ്പം മകന്‍ വളര്‍ന്നു. സ്റ്റേജുകളിലെ കര്‍ട്ടന്‍ ഉയര്‍ത്തുന്ന ജോലിയായി പിന്നീട് മിമിക്രി വേദികളില്‍ മകന്. മകന്‍ തന്നോളം വളര്‍ന്നപ്പോള്‍ സിനിമാ സെറ്റുകളിലും ടെലിവിഷന്‍ പരിപാടികളുടെ അണിയറയിലും ഒപ്പമെത്തുന്ന കൂട്ടുകാരനായി അവനെ സുധി കൂടെക്കൂട്ടി. വീണ്ടും വിവാഹിതനായി രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം തന്റെ ചെറിയ വലിയ സ്വപ്‌നങ്ങളുമായി സന്തോഷത്തോടെ ജീവിക്കവേയാണ് ആ നിറചിരിയേയും മരണം കവര്‍ന്നെടുത്തത്.
Story Highlights: Kollam Sudhi films, television and mimicry career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here