Advertisement

ഈ രോഗങ്ങളെ സൂക്ഷിക്കാം; അഞ്ച് രോഗങ്ങൾക്ക് ഇന്ത്യയിൽ ജാഗ്രത നിർദേശം

June 9, 2023
Google News 1 minute Read

രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾക്കാണ് എന്‍സിഡിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 209 മുന്നറിയിപ്പുകള്‍ ഇതു സംബന്ധിച്ച് ഈ മാസം നല്‍കിയതായും 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍ മാറിയെന്നും എന്‍സി‍ഡിസി ഉദ്യോഗസ്ഥര്‍ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളോടും രോഗങ്ങള്‍ പടരാതിരിക്കാൻ ആവശ്യമായ മുന്‍കരുതലുകള്‍ വരും ദിവസങ്ങളില്‍ എടുക്കണമെന്നും എന്‍സിഡിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഈ മുന്നറിയിപ്പുകള്‍. ടൈഫോയ്ഡ്, മലേറിയ, ഹെപ്പറ്റൈറ്റിസ് എ, സ്ക്രബ് ടൈഫസ്, ഡെങ്കിപ്പനി എന്നിവയാണ് ജാഗ്രതാനിർദേശം നൽകിയ അഞ്ച് രോഗങ്ങൾ.

സാല്‍മണെല്ല ബാക്ടീരിയയാണ് ടൈഫോയ്ഡ് പരത്തുന്നത്. എന്‍ററിക് ഫീവര്‍ എന്നും ടൈഫോയ്ഡ് അറിയപ്പെടുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഉയര്‍ന്ന ഡിഗ്രി പനി, കുളിര്, തലവേദന, വയര്‍വേദന, മലബന്ധം, അതിസാരം എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഇന്ത്യയിൽ കാലവർഷ സമയത്ത് പിടിപെടുന്ന രോഗമാണ് മലേറിയ. പ്ലാസ്മോഡിയം പാരസൈറ്റ് മൂലം വരുന്ന ഈ രോഗം കൊതുക് കടിയിലൂടെയാണ് പകരുന്നത്. പനിയും കുളിരും, തലവേദന, ഛര്‍ദ്ദി, ഓക്കാനം, അതിസാരം, വയര്‍വേദന, പേശിവേദന, ക്ഷീണം, സന്ധിവേദന, ചുമ, വേഗത്തിലുള്ള ശ്വാസോച്ഛാസം എന്നിവയാണ് മലേറിയയുടെ രോഗലക്ഷണങ്ങൾ. ഈഡിസ് വര്‍ഗത്തിലുള്ള കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനിയും ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരിയാണ്. മൂക്കില്‍ നിന്നും മോണകളില്‍ നിന്നും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍, വയര്‍വേദന, ഛര്‍ദ്ദി, മലത്തില്‍ രക്തം, ക്ഷീണം എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

കരള്‍ സ്തംഭനത്തിലേക്ക് വരെ നയിക്കാവുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം വരുന്ന കരള്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ വെള്ളമോ ഭക്ഷണമോ വഴിയാണ് ഇത് പകരുന്നത്. വയര്‍, സന്ധികള്‍, പേശികള്‍ എന്നിവിടങ്ങളില്‍ വേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി, പനി, വിശപ്പില്ലായ്മ, കടുത്ത നിറത്തിലെ മൂത്രം, ചൊറിച്ചില്‍, ഭാരനഷ്ടം, കണ്ണുകള്‍ക്കും ചര്‍മത്തിനും മഞ്ഞ നിറം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. ഹെപ്പറ്റൈറ്റിസ് എ പ്രതിരോധിക്കുന്നതിന് കുത്തിവയ്പ്പുകള്‍ ലഭ്യമാണ്.

മൈറ്റ് ലാര്‍വേ എന്ന ഒരു തരം ചെള്ളുകളാണ് പരത്തുന്ന രോഗമാണ് സ്ക്രബ് ടൈഫസ്. ഒറിയന്‍ഷ്യ സുസുഗമൂഷി എന്ന ബാക്ടീരിയ മൂലം പിടിപെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ശരീരവേദന, ചര്‍മത്തില്‍ തിണര്‍പ്പ് എന്നിവയാണ്.

Story Highlights: Alert Issued In India Over Top 5 Diseases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here