രണ്ട് വയസുമുതല്‍ മറ്റ് ജീവികളുമായി ബന്ധമില്ലാതെ, ഇണയില്ലാതെ ഏകാന്ത ജീവിതം; സ്വയം ഗര്‍ഭം ധരിച്ച് പെണ്‍മുതല; ലോകത്തിലാദ്യം

ആണ്‍ വര്‍ഗത്തില്‍പ്പെട്ട ഇണയില്ലാതെ ലോകത്താദ്യമായി ഒരു പെണ്‍ മുതല ഗര്‍ഭം ധരിച്ചെന്ന സുപ്രധാന കണ്ടെത്തലുമായി ഗവേഷകര്‍. ജനിതക ഘടനയില്‍ താനുമായി 99.9 ശതമാനം സാമ്യമുള്ള ഒരു ഭ്രൂണത്തെയാണ് പെണ്‍മുതല സ്വയം സൃഷ്ടിച്ചതെന്ന് ഗവേഷകര്‍ കണ്ടെത്തി. റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ബയോളജി ലെറ്റേഴ്‌സ് ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കന്യാ ഗര്‍ഭം എന്നറിയപ്പെടുന്ന ഇത്തരം ജനനം പക്ഷികളിലും മത്സ്യങ്ങളിലും ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് ഒരു മുതല സ്വയം ഗര്‍ഭം ധരിച്ചതായി കണ്ടെത്തുന്നത്. (Crocodile found to have made herself pregnant)
2018 ജനുവരിയില്‍ പാര്‍ക്ക് റെപ്റ്റിലാനിയയിലെ 18 വയസുള്ള ഒരു അമേരിക്കന്‍ പെണ്‍ മുതലയാണ് ഇത്തരത്തില്‍ വിശേഷപ്പെട്ട ചില മുട്ടകളിട്ടത്. ആദ്യമിട്ട ചില മുട്ടകളില്‍ ജീവന്റെ ശേഷിപ്പുകളില്ലായിരുന്നുവെങ്കിലും അവശേഷിച്ചവ പൂര്‍ണമായി വളര്‍ന്നിരുന്നു എന്ന പഠനത്തിലൂടെ കണ്ടെത്തി. രണ്ട് വയസുമുതല്‍ ഈ അമ്മ മുതല മറ്റ് മുതലകളോട് ഇടപഴകിയിരുന്നില്ല എന്നത് ഗവേഷകരെ അമ്പരപ്പിലാക്കുകയായിരുന്നു.
ഇണയുടെ ആവശ്യമില്ലാതെ ഒരൊറ്റ മാതാവില്‍ നിന്ന് മാത്രം രൂപം കൊള്ളുന്ന ഗര്‍ഭങ്ങളെക്കുറിച്ച് പഠിക്കുന്ന ഡോ വാരണ്‍ ബൂത്തിനെ പാര്‍ക്ക് അധികൃതര്‍ ബന്ധപ്പെടുകയും മുതലയുടെ അത്ഭുത ഗര്‍ഭത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഡോ വാരണ്‍ ആ ഭ്രൂണം വിശദമായി പഠിച്ച ശേഷം ഇത് 99.9 ശതമാനവും ജനിതകമായി മാതാവിനെപ്പോലെയാണെന്നും ഒരു പിതാവിന്റെ സാന്നിധ്യം ഈ ഗര്‍ഭധാരണത്തില്‍ ഉണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
പക്ഷികളിലും ചില ഉരഗങ്ങളിലും മത്സ്യങ്ങളിലും വല്ലപ്പോഴും കണ്ടുവരാറുള്ള കന്യാ ഗര്‍ഭം എന്ന ഈ അവസ്ഥ മുതലയിലും കൂടി സ്ഥിരീകരിച്ചതോടെ ഇത് ഇവയുടെ പൂര്‍വികരില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്ന ഒരു ചിന്ത കൂടി ഡോ വാരണ്‍ മുന്നോട്ടുവച്ചു. വംശനാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുമ്പോഴാകാം ജീവജാലങ്ങള്‍ ഇത്തരത്തില്‍ കന്യാ ഗര്‍ഭം എന്ന അവസ്ഥയിലേക്ക് എത്തുന്നതെന്ന സംശയവും അദ്ദേഹം മുന്നോട്ടുവച്ചു. അതിനാല്‍ ദിനോസറുകള്‍ ഈ രീതിയില്‍ ഗര്‍ഭം ധരിച്ചിരിക്കാം എന്ന സാധ്യതയിലേക്ക് പുതിയ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നുണ്ടെന്നും ഡോ വാരണ്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Crocodile found to have made herself pregnant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here