‘അയാൾ താരത്തിന് സമീപം നിൽക്കുന്നത് കണ്ടു, വനിതാ താരം ബ്രിജ് ഭൂഷനെ തള്ളിമാറ്റി’; ഗുസ്തി താരങ്ങളെ പിന്തുണച്ച് അന്താരാഷ്ട്ര റഫറിയുടെ മൊഴി

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒരു അന്താരാഷ്ട്ര ഗുസ്തി റഫറി ഉൾപ്പെടെ നാല് പേർ ഡൽഹി പൊലീസിന് മൊഴി നൽകി. മുതിർന്ന വനിതാ ഗുസ്തി താരങ്ങളിലൊരാളുടെ ആരോപണം ശരിയാണെന്നും അതിന് താൻ സാക്ഷിയാണെന്നുമാണ് റഫറിയുടെ മൊഴി. (International wrestling referee against Brij Bhushan)
കഴിഞ്ഞ വർഷം മാർച്ചിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി ലഖ്‌നൗവിൽ നടന്ന ട്രയൽസിനിടെ ലൈംഗികാതിക്രമത്തിനിരയായെന്ന് ഒരു വനിതാ താരം പരാതിയിൽ ഉന്നയിച്ചിരുന്നു. ട്രയൽസിന് ശേഷം ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ബ്രിജ് ഭൂഷൺ തന്റെ നിതംബത്തിൽ പിടിച്ചുവെന്നായിരുന്നു താരത്തിന്റെ ആരോപണം. ഈ ആരോപണമാണ് അന്താരാഷ്ട്ര റഫറി ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നത്.
“സംഭവസമയത്ത് ഞാൻ ബ്രിജ് ഭൂഷണിൽ നിന്നും പരാതിക്കാരനിൽ നിന്നും ഏതാനും അടി അകലെ നിൽക്കുകയായിരുന്നു. ബ്രിജ് ഭൂഷൽ പരാതിക്കാരിയുടെ അടുത്തുവന്ന് നിൽക്കുന്നത് ഞാൻ കണ്ടു. പിന്നീട് വനിതാ താരം അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് ഒഴിഞ്ഞു മാറി പോകുന്നുണ്ട്. അയാളെ തള്ളി മാറ്റി പിറുപിറുത്തു കൊണ്ട് തരാം മുന്നിൽ വന്നു നിന്നു. എന്തോ കുഴപ്പമുള്ളത് പോലെ എനിക്ക് തോന്നി” – അന്താരാഷ്ട്ര റഫറി ജഗ്ബീർ സിംഗ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
അന്നത്തെ ചിത്രം കാണിച്ച് ഡൽഹി പൊലീസ് തന്നോട് ഇതേക്കുറിച്ച് ചോദിച്ചതായും മൊഴി രേഖപ്പെടുത്തിയതായും ജഗ്ബീർ കൂട്ടിച്ചേർത്തു. ജഗ്ബീറിനെ കൂടാതെ ഒരു ഒളിമ്പ്യൻ, കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ്, ഒരു സംസ്ഥാനതല പരിശീലകൻ എന്നിവരും വനിതാ താരങ്ങൾക്ക് അനുകൂലമായി മൊഴി നൽകിയിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: International wrestling referee against Brij Bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here