‘നക്ഷത്രയുടെ അമ്മ വിദ്യയെ കൊലപ്പെടുത്തിയത് ശ്രീമഹേഷ്’?; സംശയം പ്രകടിപ്പിച്ച് കുടുംബം

മാവേലിക്കരയില്‍ ആറു വയസുകാരി നക്ഷത്രയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ മാതാവ്. നക്ഷത്രയുടെ അമ്മ വിദ്യയെയും ശ്രീമഹേഷ് കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് വിദ്യയുടെ അമ്മ രാജശ്രീ ലക്ഷമണൻ രംഗത്തുവന്നു.
അഞ്ചുവർഷം മുൻപാണ് നക്ഷത്രയുടെ അമ്മ മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു. ശ്രീമഹേഷ് പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു.
അതേസമയം പ്രതി ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്. ഇന്നലെ അഞ്ചുമണിക്കൂറിലേറെ പൊലീസ് ശ്രീമഹേഷിനെ ചോദ്യം ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യമാണ് പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ പ്രതി ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാള്‍ കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍ നിന്നും മഴു കണ്ടെടുത്തിരുന്നു.
ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ജയിലില്‍ വെച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കൈക്കും പരിക്കുണ്ട്. കൊല്ലപ്പെട്ട നക്ഷത്രയുടെ സംസ്കാരം ഇന്ന് നടക്കും.
Story Highlights: Nakshatra Murder, Mother-in-law allegations against Accused Srimahesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here