Advertisement

പലസ്തീൻ നിലപാടിൽ ബിജെപിക്കൊപ്പം; മൂഡ് ട്രാക്കറിൽ പത്തനംതിട്ടയ്ക്കും മാവേലിക്കരയ്ക്കും ഒരേ മൂഡ്

December 10, 2023
Google News 3 minutes Read
Pathanamthitta-mavelikkara

ട്വന്റിഫോർ ലോക്സഭ തെരഞ്ഞെടുപ്പ് മൂഡ് ട്രാക്കർ സർവേയിൽ ഏറെ വ്യത്യസ്തമായ അഭിപ്രായം ഉയർന്ന മണ്ഡലമായിരുന്നു പത്തനംതിട്ടയും മാവേലിക്കരയും. സർവേയിൽ ഉന്നയിച്ച 12 ചോദ്യങ്ങളിൽ മറ്റു മണ്ഡലങ്ങളേതിനേക്കാൾ വ്യത്യസ്തമായിരുന്നു ഈ മണ്ഡലങ്ങളിലെ ഉത്തരങ്ങൾ. ഏറ്റവും ഉയർന്നു നിൽക്കുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്ന പലസ്തീൻ-ഇസ്രയേൽ നിലപാടിൽ ഇരു മണ്ഡലങ്ങളും ബിജെപിയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങൾ മാത്രമാണ് പലസ്തീൻ-ഇസ്രയേൽ വിഷയത്തിൽ ബിജെപിയുടെ നിലപാടിനെ പിന്തുണച്ചിരിക്കുന്നത്

യുഡിഎഫിനെ 11 ശതമാനം പേരും എൽഡിഎഫിനെ 13 ശതമാനം പേരും പിന്തുണയ്ക്കുമ്പോൾ ബിജെപിക്ക് 24 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മാവേലിക്കരയിൽ 21 ശതമാനം പേരാണ് ബിജെപിയുടെ നിലപാടിനെ പിന്തുണച്ചത്. യുഡിഎഫ് നിലപാടിനെ 20 ശതമാനം പേരും എൽഡിഎഫിനെ 12 ശതമാനം പിന്തുണയ്ക്കുന്നു. പത്തനംതിട്ടയിൽ 52 ശതമാനം പേരും മാവേലിക്കരയിൽ 47 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്താൻ തയാറായിട്ടില്ല. മാവേലിക്കരയിൽ യുഡിഎഫിനേക്കാൾ ഒരു ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാൽ മറ്റു മുന്നണികളേക്കാൾ വലിയ വ്യത്യാസമാണ് ബിജെപിയുടെ നിലപാടിന് ലഭിച്ചത്.

അടുത്ത ലോക്സഭയിൽ തെരഞ്ഞെടുപ്പിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകം ഏതെന്ന ചോദ്യത്തിനും പത്തനംതിട്ടയ്ക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉയർന്നത്. മറ്റു മണ്ഡലങ്ങളിൽ ഏറെ തന്നെ വോട്ടിനെ സ്വാധീനിക്കുന്ന ഘടകം വിലക്കയറ്റമെന്ന് വിലയിരുത്തിയപ്പോൾ പത്തനംതിട്ടയെ സ്വാധീനിക്കുന്നത് സ്ഥാനാർഥി മികവാണെന്നാണ് അഭിപ്രായപ്പെടുന്നത്. വിലക്കയറ്റമാണെന്ന് 24 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോൾ 32 ശതമാനം പേര് സ്ഥാനാർഥി മികവാണെന്ന് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തി. വിലക്കയറ്റത്തിന് മുകളിലേക്ക് മറ്റൊരു ഘടകത്തിന് പ്രാധാന്യം നൽകുന്ന ഒരേ ഒരു മണ്ഡലം കൂടിയാണ് പത്തനംതിട്ട.

എംപിമാരുടെ പ്രവർത്തനത്തിലും മാവേലിക്കരയും പത്തനംതിട്ടയും തൃപ്തരല്ല. പത്തനംതിട്ടിയിലെ നിലവിലെ എംപിയായ ആന്റോ ആന്റണിയുടെ പ്രവർത്തനങ്ങൾ മോശമെന്നാണ് പത്തനംതിട്ടയിൽ ഉയർന്ന അഭിപ്രായം. 31 ശതമാനം പേരാണ് യുഡിഎഫ് എംപിയുടെ പ്രവർത്തനം മോശമെന്ന് മൂഡ് ട്രാക്ക് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. വളരെ മികച്ചതെന്ന് ഒരു ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. വളരെ മോശമെന്ന് 29 ശതമാനം പേരും പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 17 ശതമാനം പേർ എംപിയുടെ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തി. പത്തനംതിട്ടയിൽ ആന്റോ ആന്റണി വിരുദ്ധവികാരം പ്രകടമാക്കുന്നതാണ് സർവേ ഫലം.

തുടർച്ചയായി മൂന്നു തവണയും ജയിച്ചുകയറിയ കൊടിക്കുന്നിൽ സുരേഷിന്റെ പ്രവർത്തനത്തിൽ മാവേലിക്കരയ്ക്കും തൃപ്തിയില്ല. എംപിയുടെ പ്രവർത്തനം മോശമെന്നാണ് കൂടുതൽ പേർ അഭിപ്രായം രേഖപ്പെടുത്തിയത്. 41 ശതമാനം പേരാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രവർത്തനം മോശമെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് ഒരു ശതമാനം പേർ മാത്രമാണ് പറയുന്നത്. 30 ശതമാനം പേർ ശരാരിയെന്ന് വിലിയരുത്തി. മികച്ചതെന്നും വളരെ മോശമെന്നും അഞ്ചു ശതമാനം പേർക്ക് അഭിപ്രായം ഉണ്ട്. 18 ശതമാനം പേർക്ക് അഭിപ്രായമില്ല.

അടുത്ത തെരഞ്ഞെടുപ്പിൽ‌ പത്തനംതിട്ടയിൽ അട്ടിമറിയെന്നാണോ നൽകുന്ന സൂചനകൾ. യുഡിഎഫ് നിലനിർത്തിപ്പോകുന്ന മണ്ഡലമായ പത്തനംതിട്ടയിൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിച്ചുകയറുക പ്രയാസകരമായിരിക്കുമെന്നാണ് മൂഡ് ട്രാക്കർ സർവേ ഫലം സൂചിപ്പിക്കുന്നത്. എൽഡിഎഫിനും -യുഡിഎഫിനും ഒരു ഫിഫ്റ്റി-ഫിഫ്റ്റ് സാധ്യത നൽകുന്ന പത്തനംതിട്ടയിൽ നിർണായകമാവുക ബിജെപി വോട്ടായിരിക്കും. 34 ശതമാനം പേർ എൽഡിഎഫിനും യുഡിഎഫിനും സാധ്യത നൽകുന്നുവെന്നാണ് സർവേ ഫലം. 23 ശതമാനം പേർ ബിജെപിയ്ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. മണ്ഡലത്തിലെ ബിജെപിയുടെ വളർച്ച ഏറ്റവും കൂടുതൽ ബാധിക്കുക യുഡിഎഫിനെ ആയിരിക്കും. അതിനാൽ തന്നെ ഒരു അട്ടിമറി സാധ്യത പത്തനംതിട്ടയിൽ ഉണ്ടാകും.

Read Also : ലോക്സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ യുഡിഎഫും- എൽഡിഎഫും ഒപ്പത്തിനൊപ്പമെന്ന് 24 സര്‍വെ

നിലവിലെ എംപിയുടെ പ്രവർത്തനം മോശമാണെന്ന് മാവേലിക്കര പറയുമ്പോഴും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് സാധ്യതയെന്നാണ് ഏറിയ അഭിപ്രായവും. 40 ശതമാനം പേരാണ് യുഡിഎഫിന് സാധ്യത പറയുന്നത്. എൽഡിഎഫിന് 33 ശതമാനം പേർ സാധ്യത പറയുമ്പോൾ 17 ശതമാനം പേർ ബിജെപിക്ക് സാധ്യത പറയുന്നു. 9 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയാറായില്ല.

അതേസമം പത്തനംതിട്ടയിൽ സ്ഥാനാർഥി പ്രഖ്യാപനവും നിർണായകമാകും. 2009 മുതൽ തുടർച്ചയായി മൂന്നു തവണ മണ്ഡലത്തിൽ ജയിച്ചുകയറിയ ആന്റോ ആന്റണിക്ക് നാലാമത് ഒരു ഊഴം യുഡിഎഫ് നൽകുമോ എന്നത് സംശയകരമാണ്. മണ്ഡലത്തിൽ എംപി പ്രവർത്തനത്തിൽ വോട്ടർമാർ തൃപ്തരല്ലെന്ന് സൂചിപ്പിക്കുമ്പോൾ മറ്റൊരു സ്ഥാനാർഥി എത്തുമോ എന്നത് കണ്ടറിയണം. എന്നാൽ രാജു എബ്രഹാമിന്റെയും മുൻ ധനമന്ത്രി തോമസ് ഐസകിന്റെയും പേരുകൾ എൽഡിഎഫ് പരി​ഗണിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ തവണ മത്സരരം​ഗത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു ഉണ്ടായിരുന്നത്. വീണ്ടും കെ സുരേന്ദ്രൻ എത്തുമോ എന്ന കാര്യത്തിൽ വ്യക്തമായ സൂചനകൾ ലഭ്യമല്ല. എന്നിരുന്നാലും ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവെക്കാമെന്നല്ലാതെ ഒരു വിജയ സാധ്യതയുണ്ടാകാനുള്ള സാധ്യത കണുന്നില്ലെന്ന് ട്വന്റിഫോർ എക്സിക്യൂട്ടീവ് എഡിറ്റർ‍ ​ഗോപികൃഷ്ണൻ പറയുന്നു.

Read Also : കൊടിക്കുന്നിൽ സുരേഷിന് എത്ര മാർക്ക്; അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ സാധ്യത ആർക്ക്?

മാവേലിക്കരയിൽ യുഡിഎഫ് സാധ്യതയാണ് സർവേയിൽ ഫലം. അതിനാൽ തന്നെ കൊടിക്കുന്നിൽ സുരേഷിന് നാലാമൂഴം കൂടെ നൽകാനാണ് സാധ്യത. മറ്റൊരു പേര് നേതൃത്വം പരി​ഗണിക്കുമെന്ന് കരുതനാകില്ല. ഇത്തവണ പുന്നല ശ്രീകുമാറിന്റെ പേരാണ് ഇടതുമുന്നണിയിൽ ഉയരുന്നത്. ഇനി മത്സരരം​ഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ കൊടിക്കുന്നിലിനെതിരെ മത്സരരം​ഗത്തേക്കെത്താനും സാധ്യതയുണ്ട്. ഏതായാലും സിപിഐ ആരെ മത്സരിപ്പിക്കാൻ പോകുന്നുവെന്നത് മണ്ഡലത്തിൽ നിർണായകമാണ്. ശക്തമായ സ്ഥാനാർഥിയായിരിക്കും എത്തിക്കാൻ സിപിഐ ശ്രമിക്കുക.

Story Highlights: Twenty Four Lok Sabha mood tracker survey Pathanamthitta and Mavelikkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here