Advertisement

ഒഡിഷ ട്രെയിൻ അപകടം: മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ചിരുന്ന സ്‌കൂൾ പൊളിച്ചു

June 9, 2023
Google News 2 minutes Read
Odisha School Where Crash Victims' Bodies Were Kept Demolished

ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം താൽക്കാലികമായി സൂക്ഷിച്ചിരുന്ന സർക്കാർ സ്‌കൂൾ പൊളിച്ചു മാറ്റി. ബാലസോറിലെ ബഹനാഗ ഹൈസ്‌കൂൾ ഇന്ന് രാവിലെയാണ് പൊളിച്ചത്. 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ശേഷം താൽക്കാലിക മോർച്ചറിയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മടങ്ങാൻ വിദ്യാർത്ഥികൾ മടിച്ചതിനെ തുടർന്നാണ് സ്കൂൾ പൊളിക്കാൻ തീരുമാനിച്ചത്.

മോർച്ചറിയായി ഉപയോഗിക്കുന്ന സ്‌കൂളിൽ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കണമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കെട്ടിടം സുരക്ഷിതമല്ലെന്നും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഭയമാണെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് 65 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ച് പുനർനിർമിക്കാൻ തീരുമാനിച്ചത്.

“വിദ്യാർത്ഥികൾക്ക് നല്ല ഭയമുണ്ട്, ഈ ഭയം അകറ്റാൻ പൂജയും മറ്റ് ചടങ്ങുകളും നടത്താൻ സ്കൂൾ ആലോചിച്ചിരുന്നു” – ബഹനാഗ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള സ്വയിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ട്രെയിൻ അപകടത്തെത്തുടർന്ന് സ്കൂളിലെ ചില സീനിയർ വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു.

ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. അപകടത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ഞായറാഴ്ച രാത്രി വൈകിയാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

Story Highlights: Odisha School Where Crash Victims’ Bodies Were Kept Demolished

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here