അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തി ഒരു ഭക്ത; ഒരു ആനയ്ക്ക് വേണ്ടി ഇത്തരമൊരു വഴിപാട് നടക്കുന്നത് ഇതാദ്യം

തിന്നക്കനാലിൽ നിന്ന് കന്യാകുമാരി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ച അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളത്തിലെ അരിക്കൊമ്പൻ പ്രേമികൾ. രണ്ട് മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയിൽ പലർക്കും ആശങ്കയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അരിക്കൊമ്പന് വേണ്ടി പ്രാർത്ഥനകളും വഴിപാടുകളും നടത്തുകയാണ് ചിലർ. അരിക്കൊമ്പന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തിയിരിക്കുകയാണ് ഒരു ഭക്ത. ഇതാദ്യമായാണ് അഷ്ടദ്ര്യവ്യ ഗണപതിഹോമം ഒരു ആനയ്ക്ക് വേണ്ടി നടക്കുന്നത്. ( ashtadravya ganapati homam for arikomban )
പാലക്കാട് വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലാണ് ആനപ്രേമി സംഘത്തിലെ ഒരു ഭക്ത ഈ വഴിപാട് നേർന്നത്. വടക്കഞ്ചേരി സ്വദേശിനിയും നിലവിൽ കർണാടകയിൽ താമസിക്കുകയും ചെയ്യുന്ന ഭക്തയാണ് വഴിപാട് നേർന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. എടമല ഹർഷൻ തിരുമേനിയുടേയും ജിതേന്ദ്ര തിരുമേനിയുടേയും ആഭിമുഖ്യത്തിലായിരുന്നു ഹോമം. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു ഗണപതിക്ഷേത്രത്തിൽ വഴിപാട്.
ഇന്നലെ പന്തളം പുത്തൻകാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങൾ ഉൾപ്പെടെയാണ് വൈറലായത്.
അതേസമയം, അരിക്കൊമ്പൻ നിലവിൽ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കന്യാകുമാരി വനമേഖലയിൽ നിന്നുള്ള സിഗ്നൽ നിരീക്ഷണ സംഘത്തിന് ലഭിച്ചു. അരിക്കൊമ്പന്റെ നിരീക്ഷണം തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
Story Highlights: ashtadravya ganapati homam for arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here