‘രാമായണത്തിലെ കുരങ്ങന്മാര്‍ യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍’; കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി

ഹനുമാന്‍ ആദിവാസിയാണെന്ന പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ബിജെപി. ഗോത്രവര്‍ഗനേതാവ് ബിര്‍സ മുണ്ടയുടെ 123ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ധാര്‍ ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ് ഹനുമാന്‍ ആദിവാസിയായിരുന്നുവെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഉമംഗ് സിംഗ്ഹാര്‍ പറഞ്ഞത്. രാമായണത്തില്‍ കുരങ്ങന്മാരെന്ന് വിശ്വസിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആദിവാസികളാണെന്നായിരുന്നു ഗന്ധ്വാനിയിലെ എംഎല്‍എയായ ഉമംഗ് സിംഗ്ഹാറിന്റെ വാക്കുകള്‍.
പണ്ട് കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികളാണ് ശ്രീരാമനെ ലങ്കയിലെത്താന്‍ സഹായിച്ചതെന്നാണ് വിശ്വാസം. വാനരസേന എന്നാണവരെ വിളിക്കുന്നത്. ഇതെല്ലാം വെറും കഥകള്‍ മാത്രമാണ്. ഹനുമാനും ഒരു ആദിവാസി ആയിരുന്നു. എംഎല്‍എ പറഞ്ഞു.
ഹനുമാന്‍ ദൈവമാണെന്ന് പോലും കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് വാജ്‌പേയ് വിമര്‍ശിച്ചു. ഹനുമാനെ കുറിച്ച് ഇതാണോ കോണ്‍ഗ്രസിന്റെ ആശയമെന്നും ഹിതേഷ് വാജ്‌പേയ് ചോദിച്ചു. മുഖ്യമന്ത്രി കമല്‍നാഥിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വിറ്ററിലൂടെയുള്ള വിമര്‍ശനം.
Read Also: ടിപ്പുവിന്റെ സ്മാരകം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി; അനധികൃതമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
അതേസമയം ഹനുമാന്റെ പിന്മാഗികളാണ് ആദിവാസികള്‍ എന്ന് പറയുന്നതിലൂടെ ഹനുമാനെ അപമാനിക്കുന്നതായി തോന്നിയോ എന്നും തങ്ങളുള്‍പ്പെട്ട ഗോത്രവര്‍ഗത്തിലെ അംഗമായിരുന്നു ഹനുമാന്‍ എന്നും വിമര്‍ശനങ്ങളോട് എംഎല്‍എ ഉമംഗ് സിംഗ്ഹാര്‍ പ്രതികരിച്ചു.
Story Highlights: BJP slams Congress MLA’s remark against Hanuman