കരീം ബെന്‍സേമയ്ക്ക് സൗദിയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ഫ്രഞ്ച് ഫുട്ബാള്‍ താരം കരീം ബെന്‍സേമയ്ക്ക് സൗദിയില്‍ ഊഷ്മളമായ വരവേല്‍പ്പ്. ജിദ്ദയില്‍ അറുപതിനായിരത്തോളം ആരാധകരാണ് പ്രിയ താരത്തെ വരവേല്‍ക്കാന്‍ തടിച്ച് കൂടിയത്. ഇതൊരു പുതിയ അധ്യായമാണെന്ന് കരീം ബെന്‍സേമ പറഞ്ഞു.
താരത്തെ വരവേല്‍ക്കാന്‍ ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയത് 60,000ത്തോളം ആരാധകരാണ്. ഇതൊരു പുതിയ അദ്ധ്യായമാണ്. ക്ലബ്ബിനെ കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നൂ. വിശുദ്ധ മക്ക സമീപത്താണ് എന്നത് വിശ്വാസി എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും ബെന്‍സേമ പ്രതികരിച്ചു.
റയല്‍ മാഡ്രിഡിലെ 14 വര്‍ഷം നീണ്ട ഐതിഹാസികമായ കരിയര്‍ അവസാനിപ്പിച്ചാണ് കരീം ബെന്‍സേമ സൗദിയിലെ അല്‍ ഇത്തിഹാദുമായി കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ ജേതാവ് കൂടിയായ ബെന്‍സേമയ്ക്കു 3 വര്‍ഷത്തെ കരാറാണ് ഇത്തിഹാദുമായി ഉള്ളത്. 165 മില്യണ്‍ ഡോളര്‍ പ്രതിഫലത്തിനാണ് കരാര്‍ ഒപ്പ് വെച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
Read Also: ഇന്റർകോണ്ടിനന്റൽ കപ്പ്: മംഗോളിയക്ക് എതിരെ ഇന്ത്യയെ ഛേത്രി നയിക്കും; സഹൽ ആദ്യ പതിനൊന്നിൽ
ഇത്തിഹാദ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റമാണിത്. റയലിന്റെ എക്കാലത്തെയും ഗോള്‍ വേട്ടക്കാരില്‍ രണ്ടാമനാണ് ബെന്‍സേമ. 657 മത്സരങ്ങളില്‍ 353 ഗോളുകള്‍ റയലിന് വേണ്ടി നേടി. മുന്‍ സഹതാരവും റയലിന്റെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസ്ര് ക്ലബ്ബിലാണ് ഇപ്പോഴുള്ളത്.
Story Highlights: Saudi welcomes karim benzema