Advertisement

കെ വിദ്യയുടെ വ്യാജ രേഖ കേസ്; അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും

June 13, 2023
Google News 2 minutes Read
vidya fake certificate investigation

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുടെ വ്യാജ രേഖ കേസിൽ അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. അട്ടപ്പാടി കോളജിലെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. (vidya fake certificate investigation)

ഇന്നലെ കോളേജിൽ എത്തിയ പൊലീസ് സംഘം വിദ്യ കോളേജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നില്ല. നേരത്തെ പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കോളേജിൽ എത്തിയപ്പോൾ സിസി ടി വി ദൃശ്യങ്ങൾക്ക് അഞ്ചുദിവസത്തെ മാത്രമേ ബാക്കപ്പ് ഉള്ളൂ എന്ന് കോളജിലെ ചിലർ പറഞ്ഞു എന്നാണ് ഇതിന് കാരണമായി പൊലീസ് പറഞ്ഞത്. എന്നാൽ, ദൃശ്യങ്ങൾക്ക് 12 ദിവസത്തെ ബാക്കപ്പ് ഉണ്ടെന്നും, ഹാർഡ് ഡിസ്ക്കിൽ ദൃശ്യങ്ങൾ ഉണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇതോടെയാണ് കോളജ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും, തെറ്റായ മൊഴികൾ നൽകി എന്ന വാദവുമായി പൊലീസ് രംഗത്തെത്തിയത്. യഥാർത്ഥത്തിൽ ആദ്യഘട്ടത്തിൽ പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ ഉൾപ്പെടെ വീഴ്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ട് കോളേജിലെ ചിലർ സിസിടിവിക്ക് അഞ്ചുദിവസത്തെ ബാക്കപ്പ് ഉള്ളൂ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതും ദുരൂഹമാണ്. അതേസമയം, ക്യാമറ ദൃശ്യങ്ങളിൽ വിദ്യക്കൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇയാൾ ആരാണ് എന്നതും ദുരൂഹമായി തുടരുകയാണ്.

Read Also: കെ വിദ്യയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്; അടുത്ത സുഹൃത്തുക്കൾ നിരീക്ഷണത്തിൽ

കെ വിദ്യയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. അട്ടപ്പാടിയിൽ വിദ്യക്കൊപ്പം എത്തിയയാൾക്ക് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജിലെത്തി പൊലീസ് ഇന്നും വിവരങ്ങൾ ശേഖരിച്ചേക്കും. കോളജ് ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് വിശദമായി പരിശോധിച്ച് പോരുകയാണ്. വിദ്യയുടെ അടുത്ത സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം ലഭിച്ചത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

Story Highlights: k vidya fake certificate police investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here