ഭീമമായ പലിശ, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണി; ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

ഇന്‍സ്റ്റന്റ് ലോണ്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകള്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫോണിലെ ഡാറ്റ ചോര്‍ത്തുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൊള്ള പലിശ ഈടാക്കുകയും സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. (Kerala police warns against instant loan scams)
ലോണായി ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയാകും ഇത്തരം സംഘങ്ങള്‍ ഈടാക്കുകയെന്ന് കേരള പൊലീസ് പറഞ്ഞു. പലിശ അടവില്‍ വീഴ്ച വരുത്തിയാല്‍ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ ഡാറ്റ ചോര്‍ത്തിത്തുടങ്ങുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രദ്ധിക്കണേ
ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ കെണിയില്‍ ആയെന്നാണര്‍ത്ഥം. കാരണം ആ ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തും. മാത്രമല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുന്നത്. പലിശയുള്‍പ്പെടെ ഉള്ള തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തില്‍ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണില്‍ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തും. ഫോണില്‍ മറ്റു സ്വകാര്യവിവരങ്ങള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തട്ടിപ്പുകാര്‍ കൈവശപ്പെടുത്താന്‍ ഇടയുണ്ട്. ഇനിയും ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പായണം എന്ന് തോന്നുന്നുണ്ടോ ?
Story Highlights: Kerala police warns against instant loan scams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here