ചെ ഒരു കമ്മ്യൂണിസ്റ്റാണോ എന്ന് കെ പി ഭാനുമതിയുടെ ചോദ്യം; ചെഗുവേരയുടെ അപ്രതീക്ഷിത മറുപടി; മലയാളിയുടെ ഒരു അപൂര്‍വ അഭിമുഖത്തിന്റെ കഥ

മിലിറ്ററി യൂണിഫോമും ഹെവി ബൂട്ട്‌സും ചുണ്ടില്‍ എരിയുന്ന സിഗാറും ചേര്‍ന്ന ചെ ഗുവേരയെന്ന വിപ്ലവ നക്ഷത്രത്തിന്റെ രൂപം തലമുറകള്‍ തീക്ഷ്ണ യൗവനത്തിന്റെ പ്രതീകമായി നെഞ്ചേറ്റിയതാണ്. കേരളത്തിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളുടെ പോസ്റ്ററുകളില്‍ നീളന്‍ മുടി പറത്തി അനന്തതയിലേക്ക് ഉറ്റുനോക്കുന്ന ചെയുടെ ചിത്രങ്ങള്‍ സ്ഥിരം സാന്നിധ്യമായി. ചെയുടെ പോരാട്ട കഥകളില്‍ ആകൃഷ്ടകരായി ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്ന യുവാക്കളും ഏറെയാണ്. വിപ്ലവച്ചൂടില്‍ ജ്വലിക്കുന്ന ഒരു അഗ്നിനക്ഷത്രമെന്ന എല്ലാവര്‍ക്കും അറിയുന്ന ചെയ്ക്ക് അപ്പുറത്ത് ഒരു സന്ന്യാസിയുടെ ശാന്തതയോടെ സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും ഇന്ത്യയേയും കുറിച്ച് തന്റെ ചിന്തകള്‍ പങ്കുവയ്ക്കുന്ന ചെ യുടെ അത്ര പോപ്പുലറല്ലാത്ത ഒരു മുഖം സുന്ദരമായി വെളിപ്പെട്ടത് ഒരു അസാധാരണ അഭിമുഖത്തിലൂടെയാണ്. 1959 ലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ആള്‍ ഇന്ത്യ റേഡിയോയ്ക്ക് വേണ്ടി മലയാളിയായ കെ പി ഭാനുമതി ചെയോട് രസകരമായ ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വളരെ ശാന്തനായി വളരെ ആലോചിച്ച് ചെ നല്‍കിയ ഉത്തരങ്ങള്‍ പലതും കൗതുകമുണര്‍ത്തുന്നതാണ്. The Story of KP Bhanumathy’s rare interview with Che Guevara
ചെ ഒരു കമ്മ്യൂണിസ്റ്റാണോ എന്ന കെ പി ഭാനുമതിയുടെ ചോദ്യത്തിന് ചെ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. താന്‍ സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഒരു കാത്തലിക്കായാണ് ജനിച്ചതെന്നുമായിരുന്നു ചെയുടെ മറുപടി. സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ് ഞാന്‍. ലാറ്റിന്‍ അമേരിക്കയിലെ ചെറുപ്പകാലത്ത് തന്നെ പട്ടിണി, ദാരിദ്ര്യം രോഗങ്ങള്‍, തൊഴിലില്ലായ്മ എന്നിവ കണ്ടിട്ടുണ്ട്. ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും ഇതിന്റെ ഭീതി തൊട്ടറിഞ്ഞു. ചെയിലെ വിപ്ലവകാരി സ്വയം അടയാളപ്പെടുത്തിയത് സമത്വത്തിനായി ദാഹിക്കുന്ന ഒരുവനെന്ന നിലയ്ക്കായിരുന്നു.

ബഹുമുഖ പ്രതിഭയായിരുന്നുവെങ്കിലും വളരെ അന്തര്‍മുഖനായ ചെഗുവേര വളരെ ശാന്തനായി ഒരു ജ്യോതിഷിയുടെ ഭാവത്തില്‍ സംസാരിക്കുന്നത് കാണുന്നത് വളരെ കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നുവെന്ന് ഭാനുമതി ഓര്‍ത്തെടുക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നത് ജനങ്ങളുടെ പട്ടിണിയില്‍ നിന്നാണെന്ന് ചെ പറയുന്നു. മാര്‍ക്‌സും ലെനിനും വിഭാവനം ചെയ്ത സിദ്ധാന്തങ്ങളില്‍ ഈ പോരാട്ടങ്ങള്‍ക്കായി നിരവധി പാഠങ്ങളുണ്ട്. പ്രായോഗിക വിപ്ലവകാരി തന്റെ സ്വന്തം പോരാട്ടം ആരംഭിക്കുന്നത് മാര്‍ക്സ് മുന്‍കൂട്ടി കണ്ട ആശയങ്ങള്‍ നിറവേറ്റിക്കൊണ്ടാണെന്ന് ചെ പറയുന്നു. ഇന്ത്യക്കാരുടെ സ്വാതന്ത്ര്യപോരാട്ടത്തില്‍ ഗാന്ധി ദര്‍ശനങ്ങള്‍ക്കുള്ള പങ്കുമായാണ് ചെ വിപ്ലവകാരികളില്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ ചെലുത്തുന്ന സ്വാധീനം സാമ്യപ്പെടുത്തുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ചെയ്ക്ക് വളരെ വ്യക്തമായ കാഴ്ചപ്പാടുകളാണ് ഉണ്ടായിരുന്നത്. ഗാന്ധിയേയും നെഹ്‌റുവിനേയും ചെ ഒരുപോലെ ബഹുമാനിച്ചിരുന്നുവെന്ന് കെ പി ഭാനുമതി ഓര്‍മിക്കുന്നു. ഗാന്ധിയുടെ ആശയങ്ങളുണ്ടാക്കിയ ദാര്‍ശനിക അടിത്തറ ഇന്ത്യയ്ക്കുണ്ടെന്നും അത്തരമൊന്ന് ലാറ്റിന്‍ അമേരിക്കയില്‍ ഇല്ലെന്നും അഭിമുഖത്തിനിടെ ചെ ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളോട് ചെഗുവേരയ്ക്ക് വലിയ ബഹുമാനമാണ് ഉണ്ടായിരുന്നത്. യുദ്ധമെന്ന വാക്ക് ഇന്ത്യക്കാരുടെ ആത്മാവില്‍ നിന്ന് വളരെ അകലെയാണ്. സ്വാതന്ത്രപോരാട്ടത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളില്‍പ്പോലും അവര്‍ ഹിംസയെക്കുറിച്ച് ചിന്തിച്ചില്ല. അഹിംസയിലും സമാധാനത്തിലും അടിയുറച്ച പോരാട്ടത്തിലൂടെ ഇംഗ്ലീഷ് കൊളോണിയലിസത്തെ മുട്ടുകുത്തിക്കാനായെന്ന് ചെ ഇന്ത്യക്കാരെക്കുറിച്ച് അഭിമാനത്തോടെ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയും ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വളരെ ശക്തമായ ആഗ്രഹം ചെ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഡല്‍ഹിയിലേയും കൊല്‍ക്കത്തയിലേയും വീഥികളിലൂടെ യാത്ര ചെയ്ത് ചെ ഇന്ത്യക്കാരുടേയും വിപ്ലവ സ്വപ്‌നങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്. തന്റെ മരണവേളയില്‍ പോലും വിപ്ലവത്തിന്റെ അമരത്വത്തിനെക്കുറിച്ച് മാത്രം ചിന്തിച്ച, വിശപ്പില്ലാത്ത സമത്വസുന്ദരമായ ലോകത്തെ മാത്രം സ്വപ്‌നം കണ്ട ചെ വിപ്ലവകാരിക്ക് മരണമില്ലെന്ന് ലോകത്തെ ഇന്നും ഓര്‍മിപ്പിക്കുന്നു.
Story Highlights: The Story of KP Bhanumathi’s rare interview with Che Guevara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here