സുകുമാരൻ ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയാറ് വർഷങ്ങൾ; ഓർമ്മകളിൽ മല്ലിക
ഇരുനൂറ്റിയമ്പതോളം കഥാപാത്രങ്ങള്‍ക്ക് വേഷപ്പകർച്ച നൽകിയ നടൻ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി സിനിമാ മേഖലയിലേക്ക് കടന്നു വന്ന നടൻ, വിശേഷണങ്ങൾ ഏറെയാണ് സുകുമാരന്. മലയാളത്തിന്റെ പ്രിയനടൻ ഓർമ്മയായിട്ട് ഇന്ന് ഇരുപത്തിയാറ് വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ ഭാര്യയും നടിയുമായ മല്ലിക സുകുമാരൻ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
‘എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്, എന്റെ ഹീറോ…ജീവിതം വളരെ വിരോധാഭാസമാണ്..സന്തോഷം എന്താണെന്നറിയാൻ സങ്കടവും നിശബ്ദതയെ വിലമതിക്കാൻ ശബ്ദവും സാന്നിധ്യത്തെ വിലമതിക്കാൻ അസാന്നിധ്യവും ആവശ്യമാണ്.ഈ അനുഗ്രഹീത ആത്മാവിന്റെ നിശബ്ദ സാന്നിധ്യം എന്നെയും എന്റെ കുട്ടികളെയും സമാധാനപരവും അർത്ഥപൂർണ്ണവും വിജയകരവുമായ ജീവിതം നയിക്കാൻ സഹായിക്കട്ടെ’- മല്ലിക കുറിക്കുന്നു.
അതേസമയം 1997 ജൂൺ പതിനാറാം തീയതിയാണ് സുകുമാരൻ ഈ ലോകത്തോട് വിടപറഞ്ഞത്. 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോകുമ്പോൾ പെട്ടെന്ന് ഒരു നെഞ്ചുവേദന അനുഭവപ്പെടുകയും അവിടെ നിന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മൂന്നുദിവസത്തോളം ആശുപത്രിയിൽ കിടന്ന ശേഷമാണ് അദ്ദേഹം സിനിമാലോകത്തോടും ആരാധകരോടും വിടപറഞ്ഞുകൊണ്ട് മരണത്തിന് കീഴടങ്ങിയത്. 52 ആം വയസിലാണ് അദ്ദേഹം മരിച്ചത്.
അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയിൽ എം ടി വാസുദേവൻനായർ സംവിധാനം ചെയ്ത ‘നിർമ്മാല്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കം. ചിത്രത്തിൽ ധിക്കാരിയായ ചെറുപ്പക്കാരന്റെ വേഷത്തിലാണ് സുകുമാരൻ അഭിനയിച്ചത്. പിന്നീട് ശംഖുപുഷ്പം എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു. ഇതോടെയാണ് അദ്ദേഹം സിനിമ ലോകത്ത് സജീവമായത്.
ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാള സിനിമയിൽ തിളങ്ങിനിന്ന അദ്ദേഹത്തിന് ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്.
Story Highlights: mallika sukumaran remembering sukumaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here