മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തി യുവാവ്; പിന്നാലെ അറസ്റ്റ്

ചെറിയ തമാശകളും പൊട്ടിച്ചിരികളും ജീവിതപ്രശ്‌നങ്ങളും മാത്രം പങ്കുവയ്ക്കപ്പെട്ട ഒരു മദ്യപാന സദസായിരുന്നു അത്, അവിനാശ് 30 വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു രാത്രിയെ കുറിച്ച് പറയുന്നത് വരെ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ അരുംകൊലയുടെ വിവരങ്ങൾ മദ്യലഹരിയിൽ ലയിച്ച അവിനാശ് ഏറെ ആവേശത്തോടെ വെളിപ്പെടുത്തിയപ്പോൾ അവിനാശിന് ചുറ്റുമുണ്ടായിരുന്നവരുടെ ലഹരിയും ആവേശവും ചോരുകയായിരുന്നു. തങ്ങളുടെ ഒപ്പമിരിക്കുന്നത് രണ്ട് പേരെ വകവരുത്തിയ കൊടും ക്രിമിനലാണെന്ന് അറിഞ്ഞപ്പോൾ അവരുടെ രക്തമുറഞ്ഞ് പോയി…! ( Drunk Man Spills Details Of 3 Decade Old Murder )
വർഷം 1993. മഹാരാഷ്ട്രയിലെ ലോനവാലയിൽ കട നടത്തുകയായിരുന്നു അവിനാശ് പവാർ. സമീപത്ത് തന്നെ വൃദ്ധ ദമ്പതികൾ താമസിച്ച ഒരു വീടുമുണ്ടായിരുന്നു. ഒരിക്കൽ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ഈ വൃദ്ധ ദമ്പതികൾ താമസിച്ച വീട് കൊള്ളയടിക്കാൻ അവിനാശ് പദ്ധതിയിട്ടു. ഒരു ഒക്ടോബർ മാസം രാത്രിയിൽ മൂവർ സംഘം വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി. മോഷണം മാത്രമായിരുന്നു അപ്പോൾ ലക്ഷ്യം. എന്നാൽ ദമ്പതികൾ മോഷണ ശ്രമം ചെറുത്തു. പിന്നാലെ ദമ്പതികളെ അവിനാശും സംഘവും നിഷ്‌കരുണം കൊലപ്പെടുത്തി.
കൃത്യം നടത്തിയ അവിനാശ് പിന്നെ അവിടെ നിന്നില്ല. ഉടൻ ലോനവാല വിട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്ക് വണ്ടി കയറി. അവിടെ അമിത് പവാറെന്ന പേരിൽ ഡ്രൈവിംഗ് ലൈസൻസെടുത്ത് ചിഞ്ചാഡിലേക്കും അഹ്‌മദ്‌നഗറിലേക്കും പോയി. ഒടുവിൽ മുംബൈയിലെ വിഖ്രോലിയിൽ സ്ഥിരതാമസമാക്കി. അമിത് പവാർ എന്ന പേരിൽ തന്നെ ആധാർ കാർഡ് സ്വന്തമാക്കുകയും, അവിടെ നിന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവരെ രാഷ്ട്രീയത്തിലിറക്കുകയും ചെയ്തു.
Read Also: സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം; ഡൽഹിയിൽ സഹോദരികളായ യുവതികൾ കൊല്ലപ്പെട്ടു
ഇതിനിടെ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവിനാശിനൊപ്പമുണ്ടായിരുന്ന രണ്ട് പേരും പൊലീസ് പിടിയിലായി. അവർ അവിനാശിന്റെ പേര് പറയാതിരുന്നതുകൊണ്ടാകണം, അവിനാശ് ആരാലും പിടിക്കപ്പെടാതെ കഴിഞ്ഞു.
ഈ 19 വർഷത്തിനിടെ അവിനാശ് ഒരിക്കൽ പോലും ലോനവാലയിലേക്ക് തിരികെപോയിട്ടില്ല. ലോനവാലയിൽ താമസിക്കുന്ന സ്വന്തം അമ്മയെ കാണാൻ പോലും പോകാറില്ല. തന്റെ ഇരുണ്ട ഭൂതകാലത്തെ ലോനവാലയിൽ തന്നെ വലിച്ചെറിഞ്ഞ് പുതിയ ജീവിതം നയിക്കാനുള്ള ശ്രമത്തിലായിരുന്നു അവിനാശ്. ഒരു പരിധി വരെ അവിനാശ് അതിൽ വിജയിക്കുകയും ചെയ്തു.
പക്ഷേ സത്യം എത്ര നാൾ മൂടിവയ്ക്കപ്പെടും ? ഒടുവിൽ അവിനാശിന്റെ വായിൽ നിന്ന് തന്നെ സത്യം പുറത്ത് ചാടി. ഒരു കുപ്പി മദ്യം നൽകിയ ലഹരിയിൽ 19 വർഷം മുൻപ് കുഴിച്ചുമൂടിയ രഹസ്യം അവിനാശ് തന്നെ മണ്ണ് മാന്തി പുറത്തിട്ടു. വൃദ്ധ ദമ്പതികളുടെ കാലപ്പെടുത്തിയ വിവരം ഒരു വീരകൃത്യമെന്ന നിലയിൽ അവിനാശ് സുഹൃത്തുക്കളോട് വിശദീകരിച്ചു. എന്നാൽ സുഹൃത്തുക്കളിലൊരാൾ ഇക്കാര്യം മുംബൈ ക്രൈംബ്രാഞ്ച് സീനിയർ പൊലീസ് ഇൻസ്‌പെക്ടറും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുമായ ദയ നായക്കിനോട് പറഞ്ഞു. പിന്നാലെ അവിനാശ് അറസ്റ്റിലുമായി.
Story Highlights: Drunk Man Spills Details Of 3 Decade Old Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here