സ്വന്തമായി സ്ഥലമുണ്ട്, വീടു പണിയാൻ ലൈഫ് പദ്ധതിയിൽ പണവും, പക്ഷേ വില്ലനായി പറമ്പിലുള്ള തേക്കുമരങ്ങൾ

സ്വന്തമായി സ്ഥലമുണ്ട്, വീടു പണിയാൻ ലൈഫ് പദ്ധതിയിൽ പണവും. പക്ഷേ വീടുപണിയാൻ കഴിയുന്നില്ല. വില്ലൻ പറമ്പിലുള്ള മൂന്ന് തേക്കുമരങ്ങളാണ്. ഈ മരങ്ങൾ മുറിക്കാൻ അനുമതി കിട്ടാത്തതാണ് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിൻറെ നിർമ്മാണത്തിന് വിലങ്ങു തടിയാകുന്നത്. സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ രാജനെ ഉൾപ്പെടെ കണ്ടിട്ടും നടപടി ആകാത്തതോടെ നിസ്സഹായ അവസ്ഥയിലാണ് തൃശ്ശൂർ സ്വദേശിനിയായ വീട്ടമ്മ. ( woman not able to build house due to teak trees )
മകന് ഒരു വയസ്സുള്ളപ്പോഴാണ് തൃശ്ശൂർ വലക്കാവ് സ്വദേശിനി രജിത രണ്ടര സെന്റിലെ കുടുംബവീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് താമസം മാറുന്നത്. 13 വർഷങ്ങൾ പിന്നിട്ടു താമസം വാടകവീട്ടിൽ തന്നെ. അങ്ങനെയിരിക്കയാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്. പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയും കയ്യിൽ കരുതിവച്ച പണവും സ്വരൂപിച്ച് താളിക്കുണ്ടിൽ മൂന്നു സെൻറ് സ്ഥലം വാങ്ങി. പക്ഷേ പറമ്പിലുള്ള മൂന്നു തേക്കുമരങ്ങൾ കാരണം ഭൂമി വാങ്ങി അഞ്ചുമാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനായില്ല.
‘ഞങ്ങൾ ആദ്യം തഹസിൽദാർക്ക് അപേക്ഷ നൽകി. അത് കഴിഞ്ഞ് താലൂക്കിൽ നിന്ന് സബ് കളക്ടർക്ക് വിട്ടു. പിന്നെ കളക്ടറിലേക്കും, ദുരന്ത നിവാരണ വകുപ്പിലേക്കുമെല്ലാം അപേക്ഷ നൽകി’- രജിത പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പട്ടയപ്രകാരം പഴയ ഉടമയ്ക്ക് കൈമാറ്റം ചെയ്തു കിട്ടിയതായിരുന്നു ഈ ഭൂമി. മരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് പട്ടയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവാണ് മരം സ്വമേധയാ മുറിച്ച് മാറ്റുന്നതിന് വെല്ലുവിളിയായത്. തുടർന്ന് രജിത മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങി. ഏതു സമയവും സമീപത്തെ വീട്ടിലേക്ക് മറിഞ്ഞു വീഴാവുന്ന തേക്ക് ദുരന്തനിവാരണ പ്രകാരം മുറിച്ചു നീക്കണമെന്ന് തഹസിൽദാരും റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തേക്കുകൾ ലേലത്തിൽ വച്ചു. എന്നാൽ ആദ്യ ലേലത്തിൽ ആരും പങ്കെടുത്തില്ല. ഇനിയും തുടർച്ചയായി ലേലങ്ങൾ വച്ച് മരം മുറിച്ചുമാറ്റുന്നത് വരെ കാത്തിരിക്കണം എന്നാണ് റവന്യൂ വിഭാഗം പറയുന്നത്. മരം സ്വന്തം ചിലവിൽ മുറിച്ചു മാറ്റാൻ അനുവദിക്കണമെന്ന് കാട്ടി സ്ഥലം എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ രാജനെയും സമീപിച്ചു. എന്നാൽ ആർ ഡി ഒ യെ കാണാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. എല്ലാം ഒത്തു വന്നിട്ടും വീടെന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നതിന്റെ സങ്കടത്തിലാണ് രജിതയും കുടുംബവും.
Story Highlights: woman not able to build house due to teak trees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here