കെ വിദ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കണം; ജെബി മേത്തർ എം.പി
വ്യാജ രേഖ ചമച്ച് അധ്യാപക നിയമനം നേടി ഒളിവിൽ പോയ എസ്.എഫ്.ഐ. നേതാവ് കെ.വിദ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വിപുലമായ രാഷ്ട്രീയ സ്വാധീനമുള്ള വിദ്യ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇവരുടെ അടുത്ത സുഹൃത്ത് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ യുവതിയുടെ തിരോധാനവും തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യണം.
ജാമ്യമില്ലാ കേസ് എടുത്ത് അന്വേഷണം തുടങ്ങി രണ്ടാഴ്ചയായിട്ടും പ്രതിയെ കണ്ടെത്താത്തത് പൊലീസിന്റെ വീഴ്ചയാണ്. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണം. നിഷ്പക്ഷവും നീതിപൂർവവുമായ ഇടപെടൽ ഉറപ്പു വരുത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടു.
അതേസമയം അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൊളീജിയറ്റ് സംഘം ഡയറക്ടര്‍ക്ക് കൈമാറി. പ്രത്യേക ദൂതന്‍ വഴിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനും നല്‍കും.
കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എജുക്കേഷന്‍ സംഘം കണ്ടെത്തിയിരുന്നു. ഒരു വര്‍ഷക്കാലം വിദ്യ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ വിദ്യക്ക് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും. മഹാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Story Highlights: Jebi mather on fake document case, Vidya Missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here