എ.ഐ ക്യാമറകള്‍ വഴി അപകടങ്ങള്‍ കുറഞ്ഞു, വിദേശ നാടുകളില്‍ നിയമങ്ങള്‍ എങ്ങനെയെന്ന് പ്രതിപക്ഷ നേതാക്കള്‍ മനസിലാക്കണം; കെ ടി ജലീൽ

കേരളത്തില്‍ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഇതുവരെയായി മോട്ടോര്‍ വാഹന അപകടങ്ങള്‍ കുറവാണെന്ന് കെ ടി ജലീല്‍. ഈ സംവിധാനം വ്യാപിപ്പിക്കുന്നതിലൂടെ മാത്രമേ റോഡുകളില്‍ പൊലിയുന്ന ആയിരക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാനാകൂ. (K T Jaleel support over A I Camera)
ഗള്‍ഫ് നാടുകളിലടക്കം വിദേശ രാഷ്ട്രങ്ങളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ പിഴ ചുമത്തുന്നത് പൊതു ഖജനാവിലേക്ക് പണമുണ്ടാക്കാനാണെന്ന് ആ രാജ്യങ്ങളിലെ ഏതെങ്കിലും ‘തലതിരിഞ്ഞവര്‍’പറഞ്ഞതായി അറിവില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ
വിദേശ നാടുകളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങനെയാണ് പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസിലാക്കണം. സംസ്ഥാനത്ത് എഐ ക്യാമറ സംവിധാനം വ്യാപിപ്പിക്കുന്നതിലൂടെ റോഡുകളില്‍ പൊലിയുന്ന ജീവനുകള്‍ സംരക്ഷിക്കാനാകുമെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കെ ടി ജലീലിന്റെ കുറിപ്പ്:
”എ.ഐ ക്യാമറകള്‍ സര്‍ക്കാരിന് പണമുണ്ടാക്കാനോ? AI (ആര്‍ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) ക്യാമറകള്‍ കുട്ടവെച്ചും കീറത്തുണി എറിഞ്ഞും മറക്കാനുള്ള സമരാഭാസത്തില്‍ വ്യാപൃതരായിരിക്കുകയാണല്ലോ കേരളത്തിലെ പ്രതിപക്ഷ യുവജന സംഘടനകള്‍. ലോകത്തെല്ലായിടത്തും ജനങ്ങള്‍ നിയമം അനുസരിക്കുന്നത്ത് കനത്ത പിഴയും കടുത്ത ശിക്ഷയും പേടിച്ചാണ്. അല്ലാതെ അവരുടെയൊന്നും ഉയര്‍ന്ന ധാര്‍മ്മിക ബോധം കൊണ്ടല്ല. ധാര്‍മ്മിക ചിന്തയില്‍ പ്രചോദിതരായി നിയമലംഘനം നടത്താത്തവര്‍ അത്യപൂര്‍വ്വമാകും.””കേരളത്തില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിദേശ നാടുകളില്‍ പണിയെടുക്കുന്നത്. അവിടങ്ങളിലെല്ലാം മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങിനെയാണ് കിറുകിറുത്യം പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസ്സിലാക്കിയാല്‍ നന്നാകും. കേരളത്തില്‍ എ.ഐ ക്യാമറകള്‍ വേണ്ടെന്ന് വാശിപിടിക്കുന്നവര്‍ ഇതര സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ പോകുമ്പോള്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാന്‍ സൂക്ഷ്മത പാലിക്കാറുണ്ടല്ലോ? കീശയില്‍ പിടിവീഴുമെന്നോ കടുത്ത ജയില്‍ ശിക്ഷ ലഭിക്കുമെന്ന് വരുമ്പോഴോ അല്ലാതെ സാധാരണഗതിയില്‍ ആരും നിയമം അനുസരിക്കാന്‍ മുന്നോട്ടു വരാറില്ല.”
”കേരളത്തില്‍ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഇതുവരെയായി മോട്ടോര്‍ വാഹന അപകടങ്ങള്‍ കുറവാണ്. ഈ സംവിധാനം വ്യാപിപ്പിക്കുന്നതിലൂടെ മാത്രമേ റോഡുകളില്‍ പൊലിയുന്ന ആയിരക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാനാകൂ. ഗള്‍ഫ് നാടുകളിലടക്കം വിദേശ രാഷ്ട്രങ്ങളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ പിഴ ചുമത്തുന്നത് പൊതു ഖജനാവിലേക്ക് പണമുണ്ടാക്കാനാണെന്ന് ആ രാജ്യങ്ങളിലെ ഏതെങ്കിലും ‘തലതിരിഞ്ഞവര്‍’പറഞ്ഞതായി അറിവില്ല. മോട്ടോര്‍ ബൈക്കുകളില്‍ കളിച്ച് ചിരിച്ച് പുറത്തു പോകുന്ന നമ്മുടെ മക്കളുടെ ചലനമറ്റ കീറിമുറിച്ച മൃതദേഹങ്ങള്‍ നമ്മുടെ പൂമുഖത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.””കേരളത്തിലെ ആളുകളുടെ ജീവനുകള്‍ക്ക് പ്രതിപക്ഷം ഒരുവിലയും കല്‍പിക്കുന്നില്ലേ? നിയന്ത്രണങ്ങളും പിഴ ചുമത്തലുകളും ജനങ്ങള്‍ക്കു വേണ്ടിയാണ്. അവരുടെ ജീവന്‍ പരിരക്ഷിക്കാനാണ്. അവരെ അംഗ പരിമിതരാകുന്നതില്‍ നിന്ന് പ്രതിരോധിക്കാനാണ്. നട്ടെല്ലിന് ക്ഷതമേറ്റ് ജീവിത കാലം മുഴുവന്‍ ഒന്നനങ്ങാനാകാതെ കിടക്കപ്പായയില്‍ കിടന്ന് നരകിക്കുന്നതില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനാണ്. നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ്. അവരുടെ സംരക്ഷണത്തിനു വേണ്ടിയാണ്. സഞ്ചാരാനുഭവങ്ങളുടെ പെരുന്തച്ചന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വാക്കുകള്‍ കേള്‍ക്കുക.”
Story Highlights: K T Jaleel support over A I Camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here