Advertisement

‘കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിളമ്പി പര്‍ദ്ദയിട്ട സഹോദരിമാര്‍’; യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് പി. ജയരാജന്‍

June 20, 2023
Google News 3 minutes Read
Pardah Muslim Women Hindu Pilgrims Kottiyoor Maha Siva Temple

കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന പര്‍ദ്ദയിട്ട യുവതികളുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി സിപിഐഎം നേതാവ് പി. ജയരാജൻ. പർദ ധരിച്ച സഹോദരിമാർ ഉൾപ്പെടെയുള്ള വളന്റിയർമാരാണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് അന്നദാനം നടത്തുന്നത്. (Pardah Muslim Women Hindu Pilgrims Kottiyoor Maha Siva Temple)

വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോടുകൂടിത്തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവികതയിലും സാഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്ന രംഗമാണിതെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപ്പുഴയോരത്തെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചിരിക്കുകയാണ്. ഇവിടെയാണ് മാനവികതയുടെയും മതമൈത്രിയുടെയും വലിയ സന്ദേശം നൽകി തീർത്ഥാടകർക്കുള്ള അന്നദാനം നടക്കുന്നത്.

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

യഥാര്‍ത്ഥ കേരള സ്റ്റോറി

ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകള്‍ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്കാണ്.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരില്‍ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.
മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നല്‍കുകയാണ് ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയും ഐ അര്‍ പി സി യും ചേര്‍ന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പര്‍ദ്ദ ധരിച്ച ഈ സഹോദരിമാര്‍ ഉള്‍പ്പടെയുള്ള വളണ്ടിയര്‍മാര്‍ ആണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ക്ക് അന്നദാനം നടത്തുന്നത്. വിശ്വാസികളായ തീര്‍ത്ഥാടകര്‍ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവീകതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.

മനുഷ്യനെ മതങ്ങളില്‍ വിഭജിക്കുന്ന വര്‍ത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിലേക്കും വഴി മാറ്റാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നില്‍ മാനവികതയുടെ ബദല്‍ മാര്‍ഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ച.

സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാന്‍ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും. ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് അരിയും,പച്ചക്കറിയും,മറ്റു ഭക്ഷ്യ വസ്തുതകളും എല്ലാം സംഭവനയായി എത്തുന്നു. ഇസ്ലാം മത വിശ്വാസികളും അന്നദാനതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയര്‍ സേവനങ്ങളും നല്‍കുന്നു. ഇതിന് നേതൃത്വം നല്‍കുന്നത് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവ കാരുണ്യ പ്രസ്ഥാനമായ ഐ.ആര്‍.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാര്‍ത്ഥ കേരള സ്റ്റോറി.

Story Highlights: Pardah Muslim Women Hindu Pilgrims Kottiyoor Maha Siva Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here