പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെത്തും; പ്രതിരോധ-വാണിജ്യ മേഖലകളിൽ നിർണായകം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാകും അമേരിക്കൻ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബെഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കുന്ന നരേദ്ര മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. അമേരിക്കൻ കോൺഗ്രസിനെ ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാകും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചർച്ചകൾ നടക്കുക. ഇതിനിടെ അമേരിക്കയിൽ നിന്നും മടങ്ങും വഴി പ്രധാനമന്ത്രി ഈജിപ്തും സന്ദർശിക്കും.
അതേസമയം ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനിടക്കമുള്ള കരാർ മോദിയുടെ യു എസ് സന്ദർശനത്തിൽ ഒപ്പവെച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് (ജി ഇ) ആകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിടുകയെന്നാണ് വിവരം.കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഡൽഹിയിൽ ഉഭയകക്ഷി പ്രതിരോധ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കിടെ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായെന്നാണ് വിവരം.
ഒഹായോ ആസ്ഥാനമായുള്ള ജി ഇ കമ്പനിയുടെ ഉപസ്ഥാപനമായ ജി ഇ എയ്‌റോസ്‌പേസാകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിൻ നിർമ്മിക്കുക. ഇതിനായുള്ള സാങ്കേതികവിദ്യയും ഇന്ത്യയിൽ വികസിപ്പിക്കും. അന്താരാഷ്ട്രതലത്തിലെ രാജ്യങ്ങളുടെ സഹകരണത്തിന്‍റെ ഭാഗമായാകും കരാറിൽ ഒപ്പിടുക. കോടിക്കണക്കിന് ഡോളറുകളുടെ കരാറാകും ഒപ്പിടുകയെന്നാണ് വിവരം.
Story Highlights: PM Modi To Leave For Landmark State Visit To US Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here