മണിപ്പൂര്‍ സംഘര്‍ഷം: സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് കാട്ടി പ്രധാനമന്ത്രിക്ക് ബിജെപി എംഎല്‍എമാരുടെ കത്ത്

ബിരേന്‍ സിംഗ് സര്‍ക്കാരില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി എട്ട് ബിജെപി എംഎല്‍എമാരുള്‍പ്പെടെ ഒന്‍പത് ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള നടപടികളൊന്നും കാര്യമായി ഫലം കണ്ടെല്ലെന്ന് എംഎല്‍എമാര്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ ഇപ്പോള്‍ ജനങ്ങള്‍ പൂര്‍ണമായും അവിശ്വസിക്കുകയാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു. (Public have lost faith in Manipur government, group of BJP MLAs write to PM)
കരം ശ്യാം സിംഗ്, ടി രാധേശ്യാം സിംഗ്, എസ് ബ്രോജെന്‍ സിംഗ്, കെ രഘുമണി സിംഗ് എന്നിങ്ങനെ നിവേദനത്തില്‍ ഒപ്പിട്ട ഒന്‍പത് എംഎല്‍എമാരില്‍ നാലുപേരും തങ്ങളുടെ ഭരണപരമായ പദവികളില്‍ നിന്ന് രാജിവച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ബിരേന്‍ സിംഗ് സര്‍ക്കാരില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന് കാരണമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പ്രത്യേക നടപടി സ്വീകരിക്കണമെന്ന് കത്തിലൂടെ ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
30 എംഎല്‍എമാരുടെ ഒരു സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും കണ്ട അതേദിവസം തന്നെയാണ് എംഎല്‍എമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. വ്യക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടാണ് തങ്ങള്‍ നേതൃത്വത്തെ സമീപിക്കുന്നതെന്നും അതിന് മണിപ്പൂര്‍ ബിജെപിയില്‍ വിഭാഗീയതയുണ്ടെന്ന് അര്‍ത്ഥമില്ലെന്നും നിവേദനത്തില്‍ ഒപ്പിട്ട നിഷികാന്ത് സപം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Story Highlights: Public have lost faith in Manipur government, group of BJP MLAs write to PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here