വ്യാജരേഖാ വിവാദം; കെ വിദ്യയെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിനും എസ്എഫ്ഐക്കും എതിരെ പ്രചരണം ശക്തമാക്കാൻ പ്രതിപക്ഷം

വ്യാജരേഖാ വിവാദത്തിൽ കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിനും എസ്എഫ്ഐക്കും എതിരെ പ്രചരണം ശക്തമാക്കാൻ പ്രതിപക്ഷം. വിദ്യയെ ഇത്രയും ദിവസം ഒളിവിൽ കഴിയാൻ സഹായിച്ചത് എസ്എഫ്ഐ എന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. വ്യാജരേഖ നിർമ്മാണത്തിന് സഹായിച്ചവരെയും പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഒപ്പം നിഖിൽ തോമസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന വിവിധ അഴിമതികൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഗവർണർക്ക് കത്ത് നൽകി. (vidya arrest opposition sfi)
വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ അറസ്റ്റ് അല്പസമയം മുൻപാണ് പൊലീസ് രേഖപ്പെടുത്തിയത്. സമർപ്പിച്ചത് വ്യാജരേഖയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യ.
Read Also: https://www.twentyfournews.com/2023/06/22/k-vidya-arrested-police.html
വിദ്യയെ കോഴിക്കോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പാലക്കാട് അഗളി പൊലീസും കാസർകോഡ് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്.
കേസിൽ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത വ്യാജരേഖ കേസിലും മുൻകൂർ ജാമ്യം തേടി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. ഈ മാസം 24 ന് ജാമ്യ ഹർജി കോടതി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here