Advertisement

‘അനുരാഗിണീ ഇതാ എന്‍…..’; പൂവ്വച്ചല്‍ ഖാദര്‍ ബാക്കി വച്ചുപോയ മധുരഗീതങ്ങള്‍; പ്രിയ കലാകാരന്റെ ഓര്‍മകള്‍ക്ക് 2 വയസ്

June 22, 2023
Google News 3 minutes Read
Two years of memory of Poovachal Khader

മലയാള സിനിമാ ഗാനരംഗത്ത് ലാളിത്യത്തിന്റെയും കാവ്യസിദ്ധിയുടെയും പ്രതീകമായിരുന്ന പൂവച്ചല്‍ ഖാദര്‍ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ നമുക്ക് നല്‍കിയിട്ടും അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയ ആ എഴുത്തുകാരന്റെ ഓര്‍മകള്‍ എന്നും ഓരോ സംഗീത പ്രേമിയുടെയും മനസില്‍ അനശ്വരമാണ്.(Two years of memory of Poovachal Khader)

‘അനുരാഗിണി ഇതാ…എന്‍’ എന്ന വരി മൂളുക പോലും ചെയ്യാത്ത മലയാളിയുടെ ദിവസങ്ങള്‍ കടന്നുപോകുന്നത് ചുരുക്കമാണ്. മലയാളി ഇന്നും മൂളുന്ന ഒട്ടേറെ മധുരാര്‍ദ്ര ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ മഷിത്തുമ്പില്‍ വിരിഞ്ഞു. വയലാര്‍-പി ഭാസ്‌കരന്‍-ഒഎന്‍വി-കവിത്രയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലാണ് പൂവച്ചല്‍ ഖാദര്‍ ചലച്ചിത്ര ഗാനരചന രംഗത്തേക്ക് എത്തുന്നത്. സ്വാഭാവികമായും പൂവച്ചലിന്റെ വരികള്‍ ആ മഹാരഥന്മാരുടേതുമായി താരതമ്യം ചെയ്യപ്പെട്ടു.

‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’ എന്ന വരി ഇന്ന് യുവതലമുറയ്ക്ക് പോലും പാടി മനസില്‍ പതിഞ്ഞ ഗാനമാണ്. ‘നാഥാ നീ വരും കാലൊച്ച കേട്ടു’ എന്ന ചാമരം സിനിമയിലെ ഗാനം ഇന്നും ഒഎന്‍വി യുടേതാണെന്ന് കരുതുന്ന ശ്രോതാക്കള്‍ നിരവധിയാണ്. താന്‍ എഴുതിയ പാട്ടുകള്‍ മറ്റു രചയിതാക്കളുടെ പേരില്‍ അറിയപ്പെട്ട ദുര്യോഗം പൂവച്ചല്‍ ഖാദറിനോളം മറ്റൊരാള്‍ക്കുമുണ്ടാകില്ല.

ചെറുപ്പം മുതല്‍ കവിതകളും നാടക ഗാനങ്ങളും എഴുതുമായിരുന്നു പൂവച്ചല്‍ ഖാദര്‍. 1973ല്‍ കവിത എന്ന ചിത്രത്തിന് കവിതാശകലങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് കാറ്റ് വിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെ തുടരെ തുടരെ അവസരങ്ങള്‍ പൂവച്ചല്‍ ഖാദറിനെ തേടിയെത്തി.

Read Also: വഴക്കമുള്ള സ്വഭാവ നടൻ; വേഷമിട്ടത് 600 ലേറെ ചിത്രങ്ങളിൽ; പൂജപ്പുര രവി ഇനി ഓർമ

കായലും കയറും, തകര, ചാമരം, സന്ദര്‍ഭം, താളവട്ടം, ദശരഥം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് പൂവച്ചല്‍ ഖാദര്‍ ഗാനങ്ങള്‍ രചിച്ചു. 1970 – 80 കാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ വിരിഞ്ഞ തൂലിക ഒരു പക്ഷേ പൂവച്ചലിന്റെതാകും. മലയാള സിനിമയില്‍ പാട്ടുകളുടെ വസന്തം തീര്‍ത്തിട്ടും ലഭിച്ച പുരസ്‌കാരങ്ങളും മാധ്യമശ്രദ്ധയും നന്നേ കുറഞ്ഞിട്ടും ഒരു പരാതി പോലും പൂവച്ചല്‍ ഉയര്‍ത്തിയില്ല.

350-ലധികം സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ എഴുതിയിട്ടും ഒരു തവണ പോലും ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ പൂവച്ചലിനെ തേടി എത്തിയില്ല. മലയാളിയുടെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുടെ തൂലികയുടെ ഉടമസ്ഥന് സ്മരണാഞ്ജലി…

Story Highlights: Two years of memory of Poovachal Khader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here