അണയാതെ മണിപ്പൂരിലെ തീ; അക്രമികള്‍ ഇംഫാലില്‍ ബിജെപി ഓഫിസിന് തീയിട്ടു

സര്‍വകക്ഷിയോഗത്തിനും സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കും ഇടയിലും മണിപ്പൂരിലെ സംഘര്‍ഷത്തിന് അയവില്ല. ഇംഫാലില്‍ അക്രമികള്‍ ബിജെപി ഓഫിസിന് തീയിട്ടു. ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. (Imphal BJP office vandalized Manipur violence)
കഴിഞ്ഞ ദിവസമാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയത്. ഒരാഴ്ചയ്ക്കകം സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സര്‍വകക്ഷി യോഗത്തിലേക്ക് വിളിക്കാത്തതില്‍ സിപിഐ പ്രതിഷേധം രേഖപ്പെടുത്തി.
മണിപ്പൂരില്‍ സംഘര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ വിമര്‍ശിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാറിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ തുറന്നുകാട്ടി. മണിപ്പൂരില്‍ നിന്നുള്ള പത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കകം സര്‍വകക്ഷി സംഘത്തെ അയക്കണം എന്ന് യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Story Highlights: Imphal BJP office vandalized Manipur violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here