Advertisement

പ്രധാനമന്ത്രിയുടെ അല്‍ ഹക്കിം മുസ്ലീം പള്ളി സന്ദര്‍ശനത്തിന്റെ പ്രസക്തിയെന്ത്? ദാവൂദി ബോഹ്ര മുസ്ലീങ്ങള്‍ ആരെന്ന് അറിയാം…

June 27, 2023
3 minutes Read
Significance of Modi’s Visit to Al-Hakim Mosque Dawoodi Bohra Muslims

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച ഈജിപ്റ്റിലെ അല്‍ ഹക്കിം മുസ്ലീം പള്ളി 1000 വര്‍ഷങ്ങള്‍ പഴക്കം ചെന്ന,ശ്രദ്ധേയമായ നിര്‍മാണ് മികവുള്ള ഒരു പള്ളി മാത്രമല്ല. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സമ്പന്നമായ പാരമ്പര്യത്തിന്റെ അടയാളം കൂടിയാണ്. എന്നാല്‍ നരേന്ദ്രമോദിക്കും ബിജെപിക്കും അവരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു ഇടം കൂടിയാണ് ഈ പള്ളി. ഈ പള്ളി പുനര്‍നിര്‍മിച്ചതോ ന്യൂനപക്ഷ വിരോധമെന്ന ആരോപണത്തിന്റെ മുന മോദിയിലേക്ക് നീണ്ട കാലത്തുവരെ അദ്ദേഹത്തിന് പിന്തുണയര്‍പ്പിച്ചിട്ടുള്ള ദാവൂദി ബോഹ്ര മുസ്ലീം വിഭാഗവും. ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോള്‍ മുതല്‍ മോദിയും ദാവൂദി ബൊഹ്രാസും തമ്മില്‍ തുടങ്ങിയ ഊഷ്മളമായ ബന്ധത്തേയും അതിന്റെ പ്രസക്തിയേയും കുറിച്ച് ചില സൂചനകള്‍ നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ അല്‍ ഹക്കിം പള്ളി സന്ദര്‍ശനം. (Significance of Modi’s Visit to Al-Hakim Mosque Dawoodi Bohra Muslims)

മോദി അല്‍ ഹക്കിം പള്ളിയിലെത്തിയ ആ ചരിത്ര നിമിഷം

അരമണിക്കൂറോളം സമയമാണ് ഞായറാഴ്ച മോദി കെയ്‌റോയിലെ ചരിത്രപ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദില്‍ ചെലവഴിച്ചത്. 16ാമത്തെ ഫാത്തിമിദ് ഖലീഫയായ അല്‍ഹക്കീം ബിഅംര്‍ അല്ലാഹിന്റെ സ്മരണാര്‍ത്ഥമാണ് പള്ളിയ്ക്ക് അല്‍ ഹക്കിം എന്ന പേര് നല്‍കിയത്. പള്ളിയില്‍ വെള്ളിയാഴ്ച പ്രത്യേക നമസ്‌കാരവും അഞ്ച് സാധാരണ നമസ്‌കാരങ്ങളുമാണ് നടക്കാറുള്ളത്. ദാവൂദി ബൊഹ്രാസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആറ് വര്‍ഷക്കാലം നീണ്ട പരിശ്രമം കൊണ്ടാണ് പള്ളി നവീകരണം നടന്നത്. ഇതിന് ശേഷം പള്ളി ഈ വര്‍ഷമാണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ദാവൂദി ബൊഹ്രാസ് വിഭാഗത്തിന്റെ പ്രധാന സാംസ്‌കാരിക കേന്ദ്രമാക്കി മസ്ജിദിനെ വളര്‍ത്തുക എന്നതായിരുന്നു നവീകരണത്തിന്റെ ലക്ഷ്യം.

ഫാത്തിമി ഇസ്മാഈലി ത്വയ്യിബി ചിന്താധാരയെ പിന്തുടരുന്നവരാണ് ദാവൂദി ബൊഹ്രാസുകള്‍. ഈജ്പിതിലാണ് ഈ വിഭാഗത്തിന്റെ ഉത്ഭവം. പിന്നീട് ഇവര്‍ യെമനിലേക്ക്് നീങ്ങുകയും പിന്നീട് ഇവരില്‍ ഒരു കൂട്ടം ഇന്ത്യയിലെത്തുകയുമായിരുന്നു.

1539ന് ശേഷം ഇവരുടെ പ്രധാന കേന്ദ്രം യെമനില്‍ നിന്ന് ഗുജറാത്തിലെ സിദ്ധ്പൂരിലേക്ക്മാറി. സമുദായ നേതാവായ അല്‍ ദായ് അല്‍ മുത്‌ലഖ് ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബോഹ്രകളില്‍ തന്നെ ഷിയ, സുന്നി ഉപവിഭാഗങ്ങളുമുണ്ട്. വ്യാപാരികളായ ഷിയകള്‍ ഭൂരിപക്ഷം കര്‍ഷകരായ സുന്നികള്‍ ന്യൂനപക്ഷവുമാണ്. ഇന്ത്യയില്‍ മാത്രം 500,000 അംഗങ്ങള്‍ ദാവൂദി ബോഹ്ര വിഭാഗത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

വര്‍ണശബളമായ വസ്ത്രധാരണത്തിനും ബിസിനസ് തന്ത്രങ്ങള്‍ക്കുമാണ് ബൊഹ്രാസ് ഏറ്റവും കൂടുതല്‍ പേരുകേട്ടത്. പുരുഷന്മാര്‍ വെള്ള വസ്ത്രങ്ങളും സ്വര്‍ണ നിറത്തിലുള്ള തൊപ്പികളും ധരിക്കുമ്പോള്‍ സ്ത്രീകള്‍ ബഹുവര്‍ണത്തിലുള്ള ബുര്‍ഖകളുമാണ് ധരിക്കാറ്. പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതിനൊപ്പം ആധുനികതയുടെ പ്രോയോഗികതയിലും തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നാണ് ബൊഹ്രാസുകള്‍ അവരെക്കുറിച്ച് തന്നെ പറയാറ്.

Read Also: പുടിന്‍ കെട്ടിയ വേലി തന്നെ വിളവ് തിന്നാന്‍ ഇറങ്ങിയപ്പോള്‍; അയ്യപ്പനും കോശിയും-റഷ്യ മോഡ്

മോദിയുമായുള്ള ബന്ധം ഒരു ഗുജറാത്ത് ഫ്ളാഷ്ബാക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു പ്രബലനായ രാഷ്ട്രീയ നേതാവായി മാത്രമല്ല പകരം ഒരു കുടുംബാംഗത്തെപ്പോലെയാണ് കാണുന്നതെന്ന് പ്രമുഖരായ പല ബോഹ്ര നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ ബൊഹ്രാസുകള്‍ ആകെ ജനസംഖ്യയുടെ ഒന്‍പത് ശതമാനത്തോളമാണ് വരിക. ഇവരുടെ വോട്ട് നേടുക എന്നതിനപ്പുറം ബൊഹ്രാസുകള്‍ ബിജെപിക്കും മോദിയ്ക്കുതന്നെയും നല്‍കുന്ന ആത്മവിശ്വാസവും പ്രതീകാത്മക മൂല്യവുമാണ് കൂടുതല്‍ ശ്രദ്ധേയം.

മോദി എത്തുന്ന പല വിദേശരാജ്യങ്ങളിലും സാന്നിധ്യം കൊണ്ട് അവര്‍ മോദിയ്ക്ക് വലിയ ശക്തിപകര്‍ന്നു. 40 രാജ്യങ്ങളിലായാണ് ദാവൂദി ബോഹ്രാസ് പടര്‍ന്നുകിടക്കുന്നത്. തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നുവെന്ന് അറിയുമ്പോഴെല്ലാം ഇവര്‍ അദ്ദേഹത്തെ കാണാനെത്തി. ഇത് തന്നെയാണ് മോദിയുടെ ഈ ഈജിപ്ത് യാത്രയിലും കാണുന്നത്. 2014ലെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങളിലൊക്കെ ഇവര്‍ക്ക് വലിയ സ്വാധീനം ചെലുത്താനായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെ സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്ക് വരെ മോദിയെ കാണാന്‍ ബോഹ്രകളെത്തി. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മോദിയും ബിജെപിയും മുസ്ലീംവിരുദ്ധമെന്ന് വിമര്‍ശനങ്ങള്‍ നേരിട്ട കാലത്താണ് ഇവര്‍ മോദിയ്ക്ക് നിരുപാധിക പിന്തുണ നല്‍കിയത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം വിഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള മോദിയുടെ സദ്ഭാവന ഉപവാസ പരിപാടിയിലും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ദാവൂദി ബോഹ്രാസ് പ്രത്യക്ഷപ്പെട്ടിരുന്നു. അന്തരിച്ച ദായി സയ്യിദ്‌ന മുഹമ്മദ് ബുര്‍ഹാനുദ്ദീനുമായി മോദിക്ക് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. പിന്നീട് പിന്‍ഗാമിയായ സയ്യിദ്‌ന മുഫദ്ദല്‍ സൈഫുദ്ദീനുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തി. ഈ വിഭാഗത്തിലുള്‍പ്പെട്ട സജ്ജദ് ഹിര ഗുജറാത്ത് വഫബ് ബോര്‍ഡിന്റെ തലപ്പത്തുണ്ടായിരുന്നതും ബിജെപി പിന്തുണയോടെയാണ്. മോദിയുടെ അല്‍ ഹക്കിം മുസ്ലീം പള്ളി സന്ദര്‍ശനത്തോടെ ബിജെപിയും ബോഹ്ര മുസ്ലീം വിഭാഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാകുകയാണ്. അതിന്റെ അലയൊലികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ദൃശ്യമാകുകയും ചെയ്യും.

Story Highlights: Significance of Modi’s Visit to Al-Hakim Mosque Dawoodi Bohra Muslims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top