Advertisement

നഴ്സിംഗ് പഠനത്തിന്റെ മറവിൽ തട്ടിപ്പ്; വിദ്യാഭ്യാസ മാഫിയയും ഏജന്റുമാരും തട്ടിയെടുക്കുന്നത് 1000 കോടി രൂപ

June 28, 2023
Google News 2 minutes Read
nursing college scam 24 exclusive

കേരളത്തിൽ നിന്നും നഴ്സിംഗ് പഠനത്തിന്റെ മറവിൽ ഓരോ വർഷവും അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയയും കേരളത്തിലെ ഏജന്റുമാരും തട്ടിയെടുക്കുന്നത് 1000 കോടി രൂപ. അമിത ഫീസ്, അംഗീകാരമില്ലാത്ത കോളജുകളിലെ അഡ്മിഷൻ, വായ്പാ തട്ടിപ്പ് എന്നിവയിലൂടെയാണ് ഇത്രയും കോടി രൂപ തട്ടിയെടുക്കുന്നത്. സർട്ടിഫിക്കറ്റ് പോലും തിരികെ ലഭിക്കാതെ ആയിരത്തോളം മലയാളി വിദ്യാർത്ഥികളാണ് കബളിപ്പിക്കപ്പെട്ടത്. അന്യ സംസ്ഥാനത്തെ നഴ്‌സിംഗ് പഠനത്തിലെ ചൂഷണവും തട്ടിപ്പും ട്വന്റിഫോറിന്റെ ‘പഠന തട്ടിപ്പും പകൽ കൊള്ളയും’ എന്ന പുതിയ പരമ്പരയിലൂടെയാണ് പുറത്ത് വന്നത്. ( nursing college scam 24 exclusive )

കൊവിഡിന് ശേഷം മറ്റു രാജ്യങ്ങളിൽ ആരോഗ്യമേഖലയിലുണ്ടായ വളർച്ചയാണ് കൂടുതൽ മലയാളി വിദ്യാർത്ഥികളെ നഴ്സിംഗ് പഠനത്തിലേക്ക് ആകർഷിക്കുന്നത്. ഇതാണ് അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയ ഉപയോഗപ്പെടുത്തുന്നതും. മലയാളികൾ ഏറ്റവും കൂടുതൽ നഴ്സിംഗ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത് കർണാടകയിലെ കോളജുകളെയാണ്. ഇവരെ ബംഗൂളൂരുവിലെ കോളജുകളിലേക്ക് എത്തിക്കാൻ ഏജന്റുമാരുമുണ്ട്. ഡിപ്ലോമ കോഴ്സുകൾ പഠിപ്പിക്കുന്ന 800 ഓളം കോളജുകളിലും ബിരുദവും ബിരുദാനന്തര ബിരുദവും പഠിപ്പിക്കുന്ന 450 കോളജുകളിലുമായി 95,000 സീറ്റുകളാണുള്ളത്. ഇതിൽ മലയാളികളിൽ നിന്നും ആദ്യവർഷം പ്രവേശനത്തിനായി വാങ്ങുന്നത് 3.05 ലക്ഷം രൂപ.

എന്നാൽ മാനേജ്മെന്റ് ക്വാട്ടയിൽ സർക്കാർ അംഗീകരിച്ച ഫീസ് 65,000 രൂപയാണ്. സർവകലാശാല ഫീസ് 5,000 രൂപയും. രജിസ്ട്രേഷൻ ഫീസ് 2000. എന്നാൽ കോളജുകളിൽ ട്യൂഷൻ ഫീസ് ഒരു ലക്ഷം രൂപയാണ്. മെസ് ഫീസ് 50000, മെഡിക്കൽ ചെക്കപ്പ് 10000, രജിസ്ട്രേഷൻ ഫീസ് 10000, യൂണിവേഴ്സിറ്റി ഫ്സ് അൻപതിനായിരം. ഇതെല്ലാം ചേർത്ത് 3.05 ലക്ഷം രൂപ. കർണാടകയിലെ കോളജുകളിൽ നേരിട്ടെത്തിയാൽ പ്രവേശനം ലഭിക്കില്ല. ഏജന്റിനെ സമീപിക്കാനാണ് ലഭിക്കുന്ന ഉപദേശം.

സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകളുടെ ദൗർലഭ്യമാണ് വിദ്യാർത്ഥികളെ അന്യസംസ്ഥാനത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്ന വാഗ്ദാനവും. ഇതിലൂടെ ഓരോ വർഷവും തട്ടിപ്പിന് ഇരയാകുന്നത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ്.

Story Highlights: nursing college scam 24 exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here