Advertisement

ഏഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടിൻറെ സംസ്കാരം ഇന്ന്

June 28, 2023
Google News 2 minutes Read
Image of Chithran namboothiripad

പ്രമുഖ ഏഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സംസ്കാരം ഇന്ന്. 103 വയസായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു വിട പറഞ്ഞത്. ഇന്ന് വൈകിട്ട് 4:00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ സംസ്കാരം നടക്കും. P Chitran Namboothiripad’s cremation is today

ഇടതുപക്ഷ സഹയാത്രികനും പുരോഗമന പ്രവർത്തകനുമായിരുന്ന പി. ചിത്രൻ നമ്പൂതിരി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയതും അതുല്യമായ സംഭാവന. സാമൂഹ്യ പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ നൽകിയ അദ്ദേഹം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ശില്പി കൂടിയാണ്. 1920 ജനുവരി 20ന് മലപ്പുറം മൂക്കുതല പകരാവൂർ മനയ്ക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനനം. പതിനൊന്നാം വയസിൽ പന്തിഭോജനത്തിൽ പങ്കെടുത്തുകൊണ്ട് സാമൂഹിക ഇടപെടൽ ആരംഭിച്ചു. സവർണ്ണ സമുദായങ്ങളിൽ നിന്നും പ്രത്യേകിച്ച് നമ്പൂതിരി സമുദായത്തിൽ നിന്നും പന്തിഭോജനത്തിനെതിരെ വലിയ എതിർപ്പുകൾ ഉയർന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ പുരോഗമന ഇടപെടൽ.

ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പി. ചിത്രൻ നമ്പൂതിരിപ്പാട് അധ്യാപകനായും തുടർന്ന് 34-ാം വയസ്സിൽ പ്രധാനാധ്യാപകനായും ജോലി ചെയ്തു. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരത്തിനുൾപ്പെടെ അർഹനായ അദ്ദേഹം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ മുൻ അഡിഷണൽ ഡയറക്ടറായിരുന്നു. 33 തവണ ഹിമാലയൻ യാത്ര പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ചിത്രൻ നമ്പൂതിരിപ്പാട്. ‘പുണ്യഹിമാലയം’ എന്ന യാത്രാ വിവരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

Read Also: പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

താൻ മാനേജരായ മലപ്പുറം മൂക്കുതലയിലെ സ്വകാര്യ സ്കൂൾ ഒന്നാം ഇഎംഎസ് സർക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി എഴുതിക്കൊടുത്തു.1979ൽ സർവീസിൽനിന്ന് വിരമിച്ച ശേഷം തൃശൂർ ചെമ്പൂക്കാവ് ‘മുക്ത’യിലേക്ക് താമസം മാറി. പരേതയായ ലീലയാണ് ഭാര്യ.

Story Highlights: P Chitran Namboothiripad’s cremation is today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here