‘സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ജീവിക്കും’; അപകടശേഷം ആദ്യമായി ഇടറുന്ന കാലുമായി ബിനു അടിമാലി സ്റ്റുഡിയോയിലെത്തി

കൊല്ലം സുധിയില്ലാത്ത സ്റ്റാർ മാജിക്ക് വേദിയിലേക്ക് ഇടറുന്ന കാലുമായി ബിനു അടിമാലിയെത്തി. അപകടത്തിൽ കൊല്ലം സുധിക്കൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ബിനു അടിമാലി. ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്‌ളവേഴ്‌സിന്റെ ഫ്‌ളോറിൽ ബിനു അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കുമെന്നാണ് അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിക്ക് പറയാനുള്ളത്. ( binu adimaly back to star magic after kollam sudhi death )
മണീടുള്ള ഫ്‌ലവേഴ്‌സിന്റെ സ്റ്റുഡിയോയിലെത്തിയ ബിനു അടിമാലി പലപ്പോഴും ചിന്തയിലാണ്ടിരിക്കുകയായിരുന്നു. ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ശീലിച്ച അയാൾ അവിടെ എവിടക്കൊയോ തന്റെ പ്രിയ കൂട്ടുകാരനെ തെരഞ്ഞു. കൊല്ലം സുധി ചിരി മാഞ്ഞ് കടന്ന് പോയതിന് ശേഷം ആദ്യമായി സ്റ്റാർ മാജിക് വേദിയിലെത്തിയ ബിനു അടിമാലിയെ കണ്ട് പലർക്കും കണ്ണീരടക്കാനായില്ല. തമാശകൊണ്ടു സദസിനെ ചിരിപ്പിച്ചവർക്ക് പല തവണ കട്ട് പറയേണ്ടിവന്നു. മറന്നിട്ടു വേണ്ടേ ഓർക്കാൻ എന്നായിരുന്നു കൊല്ലം സുധിയെ കുറിച്ച് ബിനു അടിമാലിയുടെ കമന്റ്. കൈപ്പമംഗലത്തെ കാറപകടത്തിൽ പരുക്കേറ്റ കോമഡി ഉത്സവം താരം മഹേഷ് കുഞ്ഞുമോൻ ഇപ്പോഴും വീട്ടിൽ വിശ്രമത്തിലാണ്. മഹേഷ് ഉടൻ തന്നെ വേദിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ബിനു പറഞ്ഞു.
വീഴ്ച്ച കരുത്താക്കി സദസിനെ ചിരിപ്പിക്കുക…. കൊല്ലം സുധിയെന്ന കലാകാരനായി തങ്ങൾ അത് ചെയ്യുമെന്ന് സ്റ്റാർ മാജിക് ടീം ഉറപ്പ് നൽകുന്നു.
Story Highlights: binu adimaly back to star magic after kollam sudhi death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here