Advertisement

ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം: ബുക്കിംഗ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ച് അഹമ്മദാബാദിലെ ഹോട്ടലുകൾ

June 29, 2023
Google News 2 minutes Read
For India-Pak World Cup Game; Ahmedabad Hotel Prices As High As ₹ 1 Lakh

2023ലെ ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ ഐതിഹാസിക പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ക്രിക്കറ്റ് വേദികളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം അത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം എന്നതിലുപരി വൈകാരികമായ ഒരു തലത്തിലേക്ക് കൂടി ഉയരാറുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ട് തന്നെ ലോകത്തെവിടെയായാലും ഇന്ത്യ-പാക് പോരാട്ടം ലോകം ഇമചിമ്മാതെ നോക്കികാണും.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ഈ മത്സരം കാണാൻ റെക്കോർഡ് കാഴ്ചക്കാർ ഉണ്ടാകുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് അഹമ്മദാബാദിലെ ഹോട്ടലുടമകൾ. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ഹോട്ടൽ മുറികളുടെ ബുക്കിംഗ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൂടാതെ നഗരത്തിലെ മിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളും ബുക്കിംഗ് പൂർണമായി അവസാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ചില ഹോട്ടലുകളിൽ റൂം നിരക്ക് ഒരു ലക്ഷത്തിനടുത്ത് എത്തിയതായി എൻഡിടിവിയുടെ റിപ്പോർട്ട് അവകാശപ്പെടുന്നു. സാധാരണ ദിവസങ്ങളിൽ ആഡംബര ഹോട്ടലുകളിലെ മുറി വാടക നഗരത്തിൽ 5,000 മുതൽ 8,000 രൂപ വരെയാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബദ്ധവൈരികൾ നേർക്കുനേർ വരുന്ന സാഹചര്യം കണക്കിലെടുത്ത് ചിലയിടങ്ങളിൽ 40,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് റൂം താരിഫ് ഈടാക്കുന്നത്. പ്രവാസി ഇന്ത്യക്കാരിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന ക്രിക്കറ്റ് ആരാധകരിൽ നിന്നും ഡിമാൻഡ് വർധിച്ചതോടെയാണ് ബുക്കിംഗ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (എച്ച്ആർഎ) ഗുജറാത്ത് ഭാരവാഹികൾ പറഞ്ഞു.

Story Highlights: For India-Pak World Cup Game, Ahmedabad Hotel Prices As High As ₹ 1 Lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here