കേരളത്തിലെ ബെവ്കോ മാതൃക പഠിക്കാൻ പഞ്ചാബ്, ഉന്നത സംഘം എത്തി; എം ബി രാജേഷ്

സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിൽ. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി, പഞ്ചാബ് ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമ കൂടിക്കാഴ്ച നടത്തി. മന്ത്രി എം ബി രാജേഷാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Punjab team arrives to study BEVCO model in Kerala)
പൊതു മേഖലാ സ്ഥാപനമെന്ന നിലയിൽ ബെവ്കോയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഹർപാൽ സിംഗ് ചീമ പറഞ്ഞു. കേരള മാതൃക പഞ്ചാബിൽ പകർത്താനുള്ള സാധ്യത തേടുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലാണ് നിലവിൽ പഞ്ചാബിലെ മദ്യ വിൽപ്പന. എക്സൈസ് വകുപ്പും, ബിവറേജസ് കോർപറേഷനും നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രി എം ബി രാജേഷ് പഞ്ചാബ് സംഘത്തോട് വിശദീകരിച്ചു.
നാല് ദിവസം കേരളത്തിൽ ചെലവഴിക്കുന്ന പഞ്ചാബ് സംഘം, മദ്യത്തിന്റെ വിതരണ ശൃംഖലാ സംവിധാനവും എക്സൈസിന്റെ ഇടപെടലുകളും മനസിലാക്കും. ബെവ്കോ ആസ്ഥാനത്തും വെയർ ഹൗസുകളിലും റീടെയ്‌ൽ ഔട്ട്‌ലറ്റുകളിലും സംഘം സന്ദർശനം നടത്തും.
എക്സൈസ്, ബെവ്കോ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഹർപാൽ സിംഗ് ചീമയ്ക്ക് പുറമേ, പഞ്ചാബ് ധനകാര്യ കമ്മീഷണർ(നികുതി) വികാസ് പ്രതാപ്, എക്സൈസ് കമ്മീഷണർ വരുൺ റൂജം, എക്സൈസ് ജോയിന്റ് കമ്മീഷണർ രാജ്പാൽ സിംഗ് ഖൈറ, അശോക് ചലോത്ര എന്നിവരാണ് ഉന്നതതല സംഘാംഗങ്ങൾ.
Story Highlights: Punjab team arrives to study BEVCO model in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here