ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കെതിര്; ഏകീകൃത സിവില്‍ കോഡിനെ വിമര്‍ശിച്ച് കോണ്‍റാഡ് സാങ്മ

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങള്‍ക്കും എതിരാണെന്ന് കോണ്‍റാഡ് സാങ്മ വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ എന്‍പിപി പ്രസിഡന്റ് കൂടിയാണ് സാങ്മ.(Conrad Sangma against Uniform Civil Code)
ഇന്ത്യയുടെ യഥാര്‍ത്ഥ ആശയത്തിന് വിരുദ്ധമാണ് ഏകീകൃത സിവില്‍ കോഡ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. നമ്മുടെ ശക്തി തന്നെ ഈ വൈവിധ്യങ്ങളിലാണ്. സര്‍ക്കാര്‍ ഏത് തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്നറിയില്ല. മേഘാലയയിലെ ജനങ്ങള്‍ ഒരു ഒരു മാതൃസമൂഹമാണ്, വടക്കുകിഴക്ക് മുഴുവനും ഒരു തനതായ സംസ്‌കാരമുണ്ട്, അതിന് കേടുപറ്റരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്ന നിലപാടുമായി എന്‍ഡിപിപിയും രംഗത്തെത്തി. മണിപ്പൂരില്‍ എന്‍ഡിപിപിയുമായി ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ എന്‍ഡിപിപിയും 12 സീറ്റുകള്‍ ബിജെപിയും നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മണിപ്പൂരില്‍ ഭരിക്കുന്നതിനായി ബിജെപി എന്‍ഡിപിപിയുടെ കൂട്ടുപിടിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍ഡിപിപി വിലയിരുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏകീകൃത സിവില്‍ കോഡ് വിഷയം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തുന്നത്. രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതാണ് ഏക സിവില്‍ കോഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നു. ഏക സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണ്. നിയമനിര്‍മാണം നടപ്പാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളില്‍ നടക്കുമെന്നും മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ ഏക സിവില്‍ കോഡില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നത്.
Story Highlights: Conrad Sangma against Uniform Civil Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here