അപകീർത്തി കേസിൽ ഷാജൻ സ്കറിയയെ പിടികൂടും; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.
വിധിപ്പകർപ്പിൽ ഗുരുതര പരാമർശങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പിവി ശ്രീനിജിന്റെ അഭിഭാഷകനായ അരുൺ കുമാറും എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്ന് ശക്തമായി വാദിക്കുകയായിരുന്നു. ഇതാണ് കോടതി അംഗീകരിച്ചത്.
ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് ഷാജനായി തെരച്ചിൽ നടത്തുകയാണ്. ഇയാൾ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.
വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ തന്നെ ഷാജന്‍ ഒളിവില്‍പ്പോവുകയായിരുന്നു.
ജൂൺ 29ന് ഷാജൻ സ്കറിയയോട് ഇ.ഡിക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാൽ ഒളിവിൽ പോയ ഷാജൻ സ്കറിയ ഹാജരായില്ല.
Story Highlights: High Court rejects Shajan Skariah’s anticipatory bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here