കാമുകനുവേണ്ടി മകനെ കൊലപ്പെടുത്തി, ‘ദൃശ്യം’ കണ്ട് തെളിവ് നശിപ്പിച്ചു; ഗുജറാത്തിൽ യുവതി അറസ്റ്റിൽ

ഗുജറാത്തിൽ കാമുകനെ സ്വന്തമാക്കാൻ വിവാഹിതയായ യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മകനെ കാണാനില്ലെന്ന് പരാതി നൽകിയ ഇവർ മൂന്ന് ദിവസത്തോളം പൊലീസിനൊപ്പം ചേർന്ന് തെരച്ചിൽ നടത്തുകയും ചെയ്തു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ദിൻഡോലി മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. നിർമാണത്തൊഴിലാളിയായ നയന മാണ്ഡവി എന്ന സ്ത്രീയെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ കിട്ടാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ‘ദൃശ്യം’ സിനിമ കണ്ടാണ് മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാൻ പഠിച്ചതെന്നും യുവതി മൊഴി നൽകി.
സംഭവം ഇങ്ങനെ:
2023 ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം. നയന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ജാർഖണ്ഡ് സ്വദേശിയായ നയനയ്ക്ക് അവിടെ ഒരു കാമുകൻ ഉണ്ടായിരുന്നു. കുട്ടിയെ ഒഴിവാക്കിയാൽ സ്വീകരിക്കാമെന്ന് കാമുകൻ നയനയോട് പറഞ്ഞു. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ നയന തീരുമാനിക്കുന്നത്. കാമുകനുമായി ഒന്നിക്കാൻ യുവതി മകനെ കൊലപ്പെടുത്തി. കൊലപാതക ശേഷം മൃതദേഹം എങ്ങനെ മറയ്ക്കാമെന്ന് പഠിക്കാൻ ദൃശ്യം സിനിമ കണ്ടു.
സിനിമയിലെ രീതി പിന്തുടർന്നാൽ പൊലീസിന് തന്നെ പിടികൂടാൻ കഴിയില്ലെന്നും ജാർഖണ്ഡിലെ കാമുകനോടൊപ്പം ചേരാമെന്നും യുവതി വിശ്വസിച്ചു. പിന്നീട് നയന തന്നെ മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചു. തന്റെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് നയന പറഞ്ഞിരുന്നത്. കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷം മൂന്ന് ദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുടെ അമ്മയിൽ സംശയം തോന്നിയ പൊലീസ് നയനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്.
Story Highlights: Surat woman kills 2-year-old son for lover, watches Drishyam to avoid arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here