ഇനി ബാഗേജിന് കാത്തുനില്‍ക്കണ്ട, ക്യൂവും നില്‍ക്കണ്ട; ‘എക്‌സ്പ്രസ് എഹെഡ്’ സര്‍വീസുമായി എയര്‍ ഇന്ത്യ

യാത്രക്കാര്‍ക്കായി ‘എക്‌സ്പ്രസ് എഹെഡ്’ എന്ന പേരില്‍ പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ. ചെക്ക് -ഇന്‍ കൗണ്ടറില്‍ നീണ്ട ക്യൂ നില്‍ക്കുന്നതും ബാഗേജിനായി കാത്തുനില്‍ക്കുന്നതും ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുക നല്‍കി പ്രയോജനപ്പെടുത്താവുന്ന സേവനമാണ് ‘എക്‌സ്പ്രസ് എഹെഡ്’.
എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള യാത്ര സുഗമമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലും സേവനങ്ങളില്‍ ആനുകൂല്യം നല്‍കുന്നതുമാണ് എക്‌സ്പ്രസ് എഹെഡ്. എക്‌സ്പ്രസ് എഹെഡ് യാത്രക്കാര്‍ക്കായി പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകളായിരിക്കും ഉണ്ടാകുക. ബാഗേജുകള്‍ കയറ്റുന്ന കാര്യത്തിലും ഇറക്കുന്ന കാര്യത്തിലും ഇവര്‍ക്ക് ആദ്യം പരിഗണന ലഭിക്കും. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തും ലഗേജ് എടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്കായിരിക്കും പ്രഥമ മുന്‍ഗണന.
രാജ്യത്തിന് പുറത്തേക്കുള്ള യാത്രയിലും ഇന്ത്യയില്‍ നിന്നുള്ള വിമാനത്താവളങ്ങളില്‍ നിന്നുതന്നെ എക്‌സ്പ്രസ് എഹെഡ് സേവനത്തില്‍ പേരുനല്‍കാം. ഇതിനായി ഓണ്‍ലൈന്‍ പ്രീ ബുക്കിങ് സൗകര്യവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്നുണ്ട്. airindiaexpress.comലെ സേവനമാണ് ഇതിനായി പ്രയോജനപ്പെടുത്തേണ്ടത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് പുറമേ വിമാനത്താവളത്തില്‍ വന്ന് മുന്‍കൂറായും ബുക്ക് ചെയ്യാവുന്നതാണ്.
Read Also: യാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തി; എയർ ഇന്ത്യ വിമാനയാത്രികൻ അറസ്റ്റിൽ
യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ലഘു ഭക്ഷണ കിറ്റ് നിര്‍ത്തലാക്കി നടപടിക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ പുതിയ പരിഷ്‌കരണം. സ്വകാര്യവത്ക്കരണത്തിന് ശേഷമുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനമായിരുന്നു ലഘു ഭക്ഷണ കിറ്റ് നിര്‍ത്തലാക്കുന്നത്. ഇനി മുതല്‍ ലഘുഭക്ഷണത്തിനായി യാത്രക്കാരില്‍ നിന്ന് പണം ഈടാക്കും. പ്രവാസികള്‍ക്കുള്‍പ്പെടെ തിരിച്ചടിയാകുന്ന തീരുമാനമാണിത്.
Story Highlights: Air India Express with Express Ahead services to avoid queues at airports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here