Advertisement

സർക്കാർ ജോലി ഇല്ലെങ്കിൽ ജീവിക്കാനാവില്ലേ?; കൊല്ലത്തെ രാഖിയുടെ കഥ വിരൽ ചൂണ്ടുന്നത്

July 17, 2023
1 minute Read
R Rakhi fake PSC appointment case

സ്ഥിരവരുമാനമുള്ള തൊഴിൽ ലഭിക്കുകയെന്നത് എല്ലാവരുടെയും ആ​ഗ്രഹവും അനിവാര്യതയ‍ുമാണ്. പക്ഷേ സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ നിലയും വിലയുമുള്ളൂ, അല്ലെങ്കിൽ നിലനിൽപ്പുള്ളൂ എന്ന തെറ്റിധാരണ കേരളത്തിലുടനീളം, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ വളരെ കൂടുതലാണ്.

സർക്കാർ ജോലി മികച്ചതും, ലഭിക്കാൻ കഠിനാധ്വാനം അത്യാവശ്യവുമായ ഒന്നുതന്നെയാണ്. എന്നാൽ പിഎസ്സിയും യുപിഎസിയും വഴി ലഭിക്കുന്ന തൊഴിലുകൾക്ക് മാത്രമേ അന്തസും സാമ്പത്തിക സുരക്ഷിതത്വവുമുള്ളൂ എന്ന മിഥ്യാധാരണ ഇനിയെന്ന് മാറാനാണ്?. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം എഴുകോൺ സ്വദേശി ആര്‍. രാഖി. സര്‍ക്കാര്‍ ജോലിക്കായി വ്യാജ രേഖകള്‍ ചമച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഖിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

2021 നവംബറില്‍ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് രാഖി കൃത്രിമം കാട്ടിയത്. ജോലി കിട്ടാത്തതില്‍ മാനസിക സമ്മര്‍ദമുണ്ടായെന്നും ഇതേ തുടര്‍ന്ന് വീട്ടുകാരെ ബോധിപ്പിക്കാനാണ് വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നുമാണ് യുവതിയുടെ മൊഴി. വർഷങ്ങളായി പിഎസ്സി പരിശീലനം നടത്തിയിട്ടും ജോലി ലഭിത്താക്കവർ അനുഭവിക്കുന്ന മാനസിക സംഘർഷം വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറമാണെന്ന് ഒന്നുകൂടി അടയാളപ്പെടുത്തുന്നതാണ് ഈ സംഭവം.

ഇന്നലെ പിഎസ് സി ഓഫീസില്‍ ഒരു ഉദ്യോഗാര്‍ത്ഥിയെ പൂട്ടിയിട്ടുവെന്ന വാര്‍ത്തയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദ്യം ലഭിക്കുന്നത്. തൊട്ടുപിന്നാലെ മാധ്യമങ്ങളെത്തിയെങ്കിലും പി എസ് സി ഓഫീസിനുള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് കാര്യങ്ങളുടെ വിശദാംശങ്ങൾ പുറം ലോകമറിയുന്നത്. ഏഴുകോണ്‍ സ്വദേശി രാഖി ആര്‍ ആദ്യം ഒരു നിയമന ഉത്തരവുമായാണ് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലെത്തിയത്. നിയമന ഉത്തരവ് പരിശോധിച്ച തഹസില്‍ദാര്‍ ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഉത്തരവ് തന്നത് പി എസ് സി തന്നെയാണെന്നായിരുന്നു രാഖിയുടെ മറുപടി.

തുടര്‍ന്ന് തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം രാഖി പി എസ് സി ഓഫീസിലെത്തി. നിയമന ഉത്തരവിൽ ഒപ്പിടാന്‍ രാഖിക്കൊപ്പം ഭര്‍ത്താവും വീട്ടുകാരും എത്തിയിരുന്നു. ഈ നിയമന ഉത്തരവ് വ്യാജമാണെന്ന് പി എസ് സി ഓഫീസിലെത്തിയ രാഖിയോട് ഓഫീസ് അധികൃതരും വ്യക്തമാക്കി. നിയമന ഉത്തരവിന്റെ ഒറിജിനല്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. ഇതിന് രാഖി തയ്യാറാകാതെ വന്നതോടെ, സംശയം തോന്നിയ അധികൃതര്‍ രാഖിയെ ഓഫീസില്‍ പൂട്ടിയിടുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതെ വന്നപ്പോള്‍ പി എസ് സി ഓഫീസിലുള്ള ഉദ്യോ​ഗസ്ഥർ പൊലീസില്‍ വിവരമറിയിച്ചു.

ജോലി കിട്ടാത്തതിനെ തുടര്‍ന്ന് താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും വീട്ടുകാരെ ബോധ്യപ്പെടുത്താനാണ് വ്യാജ രേഖ നിര്‍മിച്ചതെന്നുമാണ് രാഖി സങ്കടത്തോടെ പറയുന്നത്. അഡ്വൈസ് മെമ്മോ, റാങ്ക് ലിസ്റ്റ്, വ്യാജ നിയമന ഉത്തരവ് എന്നിവ രാഖി കൃത്രിമമായി നിര്‍മിച്ച് വീട്ടുകാരെയും നാട്ടുകാരെയും തന്നോട് ജോലിസംബന്ധമായ ചോദ്യങ്ങൾ നിരന്തരം ചോദിച്ച് ശല്യപ്പെടുത്തുന്നവരെയും കബളിപ്പിക്കുകയായിരുന്നു. സ്വന്തം മേല്‍വിലാസത്തിലേക്ക് രാഖി തന്നെയാണ് പിഎസ്സിയുടെ നിയമന ഉത്തരവ് അയച്ചതെന്ന കാര്യം പിന്നീട് വ്യക്തമാവുകയും ചെയ്തു.

ആറ് പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് യുവതി വീട്ടുകാരോട് നുണ പറഞ്ഞിരുന്നത്. പിടിക്കപ്പെടുമെന്ന് 100 ശതമാനം ഉറപ്പായിരുന്നിട്ട് കൂടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യാൻ രാഖിയെ പ്രേരിപ്പിച്ചതെന്താണ് എന്ന ചോദ്യമാണ് ഇവിടെ ഏറ്റവും പ്രസക്തം. ഇക്കാലത്ത് സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ ജീവിക്കാനാവൂ എന്ന പൊതുബോധം ഇവിടെ ബോധപൂർവം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിന്റെ ഇരകളായ എത്രയോ പേർ കടുത്ത മാനസിക സംഘർഷം അനുഭവിച്ച്, നീറി നീറി ജീവിക്കുന്നുണ്ടാവും.

Story Highlights: R Rakhi fake PSC appointment case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top