‘ഉമ്മൻ ചാണ്ടിയുടെ ജീവിതം മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശമായിരുന്നു’ : ഗോകുലം ഗോപാലൻ

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ. ‘സാധാരണക്കാരന് വേണ്ടി ജീവിച്ച നേതാവായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത് അവരുടെ ഒപ്പം തന്നെ ജീവിച്ച വ്യക്തിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവിതം മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശമായിരുന്നു’- ഗോകുലം ഗോപാലൻ പറഞ്ഞു. ( gokulam gopalan about oommen chandy )
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. രഹസ്യങ്ങളില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹാരിക്കാനുള്ള പടപ്പുറപ്പാടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെന്നും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. വെള്ളത്തിലെ മീനെന്നതുപോലെ ആൾക്കൂട്ടത്തിലെ ഉമ്മൻ ചാണ്ടി- ഇതായിരുന്നു കഴിഞ്ഞ അരനൂറ്റാണ്ട് കേരളം അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ വിശേഷണം. ജനങ്ങൾക്ക് ഇടയിലല്ലാതെ നിങ്ങൾക്കൊരിക്കലും ഈ മനുഷ്യനെ കാണാൻ സാധിക്കുമായിരുന്നില്ല. പ്രതിസന്ധികൾ വരുമ്പോൾ അകന്നു നിന്നല്ല ആൾക്കൂട്ടത്തിൽ ഇറങ്ങി നിന്നാണ് ഉമ്മൻചാണ്ടി മറുപടി നൽകിയത്. സമരം ചെയ്തല്ല ജനങ്ങളുമായി സമരസപ്പെട്ടു പോയാണ് ആ നേതാവ് പാർട്ടിയിലും സംസ്ഥാനത്തും സ്വന്തം ഇടം കണ്ടെത്തിയത്.
ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായ വ്യക്തിയാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി. 1977 മുതൽ 95 വരെയുള്ള കാലഘട്ടത്തിൽ തൊഴിൽ വകുപ്പും, ആഭ്യന്തരവും, ധനകാര്യവുമെല്ലാം കൈകാര്യം ചെയ്തു. ട്രൗസർ ഇട്ടു നടന്ന പൊലീസിനെ പാൻറ്‌സിലേക്ക് മാറ്റിയതും, മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മൻ ചാണ്ടി അതത് വകുപ്പുകൾ കൈകാര്യം ചെയ്യവെയാണ്.
നഷ്ടങ്ങളുടെയും ആശങ്കകളുടെയും കണക്കപുസ്തകവുമായി നിന്ന് ദൈന്യജീവിതങ്ങളിലേക്ക് ക്ഷമയോടെ കാത് കൂർപ്പിച്ച്, അപ്പോൾ തന്നെ പരിഹാരം തേടിയ മറ്റൊരു നേതാവ് നമുക്ക് ഇല്ലായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ, വെള്ളം മാത്രം കുടിച്ച് മണിക്കൂറുകളോളം ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടും പരിഹാരം തേടിയും നടപടിയെടുത്തുമെല്ലാം ജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു ഉമ്മൻ ചാണ്ടി. ആൾത്തിരക്കുള്ളിടത്ത് അധികപാറാവുമായി പോകുന്ന നേതാക്കളിൽ നിന്ന് ഭിന്നനായിരുന്ന അദ്ദേഹം ഏകനായി നിൽക്കുന്ന ഒരു ചിത്രം പോലും നമുക്ക് എവിടെയും കാണാനാകില്ല. ഏകാന്തതയെ തന്നെയാണ് താൻ ഏറ്റവും കൂടുതൽ ഭയക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്.
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, മലയാളികളുടെ ഉമ്മന് ചാണ്ടി സാർ, രാഷ്ട്രീയ എതിരാളികള് ശ്രദ്ധയോടെ വീക്ഷിച്ച ചാണക്യൻ…ഇനി നമ്മുടെ ഓർമ്മകളിൽ ദീപ്തമായി ജീവിക്കും.
Story Highlights: gokulam gopalan about oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here