വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്; നടക്കില്ലെന്ന് കരുതിയ വൻകിട പദ്ധതികളുടെ അമരക്കാരൻ

വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികൾ, ഏറ്റെടുക്കാൻ പലരും മടിക്കുന്ന വെല്ലുവിളികൾ നിറഞ്ഞ പദ്ധതകിൾ എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നിൽകണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി. ( oommen chandy played key role in kerala development )
ട്രൗസർ ഇട്ടു നടന്ന പൊലീസിനെ പാൻറ്സിലേക്ക് മാറ്റിയതും, മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മൻ ചാണ്ടിയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പർക്ക പരിപാടിയും, കാരുണ്യ ബെനവലന്റ് സ്‌കീമും , കേൾവിപരിമിധിയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും, തുടങ്ങി ഉമ്മൻ ചാണ്ടി വിഭാവനം ചെയ്ത് നടപ്പിലാക്കിയ സാമൂഹ്യ പദ്ധതികൾ എണ്ണിയാൽ തീരില്ല. ജനങ്ങളെ കൈപിടിച്ച് ഉയർത്തുന്ന ക്ഷേമ പദ്ധതികൾക്ക് പുറമെ നാടിന്റെ വികസനം ലക്ഷ്യംവച്ചുള്ള പദ്ധതികൾക്കും ഉമ്മൻ ചാണ്ടി തുടക്കമിട്ടു. അതിലൊന്നാണ് കൊച്ചി മെട്രോ.
പലവിധ വിവാദങ്ങൾ കാരണം നീണ്ടുനീണ്ട് പോയ കേരളത്തിന്റെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ നിർമാണത്തിന് തുടക്കമിട്ടത് 2012 ലാണ്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.
രാജ്യാന്തര തുറമുഖമായി മാറാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിവച്ചതും ഉമ്മൻ ചാണ്ടി തന്നെയാണ്. 1995 ലെ പദ്ധതി വിവാദങ്ങളിൽപ്പെട്ട് 20 വർഷമാണ് കുരുങ്ങിക്കിടന്നത്. 2011 ൽ ഉമ്മൻ ചാണ്ടി അധികാരത്തിലെത്തിയാണ് വിഴിഞ്ഞത്തെ കുരുക്കുകൾ അഴിച്ചുതുടങ്ങിയത്. കേന്ദ്രസർക്കാരിൽ തുടർച്ചയായി സമ്മർദം ചെലുത്തി അനുമതികൾ നേടിയെടുത്ത് 2015 ഡിസംബറിൽ തുറമുഖ നിർമാണം തുടങ്ങിവച്ചു. പാർട്ടിക്കുളിൽ നിന്നുപോലുമുള്ള എതിർപ്പുകൾ വകവയ്ക്കാതെയായിരുന്നു ഈ തീരുമാനം.
കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതും ഉമ്മൻ ചാണ്ടിയുടെ കാലത്ത് തന്നെയാണ്. വിമാനത്താവള പദ്ധതി 1997ൽ തുടക്കമിട്ട് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ൽ ആണെങ്കിലും 2014 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിർമാണം ആരംഭിച്ചത്. 2018 ൽ നിർമാണ് പൂർത്തിയാക്കി ഔദ്യോഗിക സർവീസ് ആരംഭിച്ചു.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചതും ഉമ്മൻ ചാണ്ടിയായിരുന്നു. എട്ട് മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനായിരുന്നു യുഡിഎഫ് സർക്കാരിന്റെ പദ്ധതി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ മെഡിക്കൽ കോളജ് 2013ൽ ഉദ്ഘാടനം ചെയ്തു. 31 വർഷത്തിന് ശേഷം കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ മെഡിക്കൽ കോളജായിരുന്നു അത്.
40 വർഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശിയപാതാ ബൈപാസുകളുടെ നിർമാണ് പുനരാരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു.
Story Highlights: oommen chandy played key role in kerala development
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here