എൻഡിഎയിലേക്കോ ഐഎൻഡിഐഎയിലേക്കോ ഇല്ല; ബിഎസ്പി ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി

പ്രതിപക്ഷ്യ സഖ്യമായ ഐഎൻഡിഐഎയുമായും എൻഡിഎയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി പ്രസിഡൻ്റ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യവ്യാപകമായി യോഗങ്ങൾ സംഘടിപ്പിക്കുമെന്നും മായാവതി പറഞ്ഞു. (NDA INDIA Mayawati BSP)
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിഎസ്പി ഒറ്റക്ക് മത്സരിക്കും. പ്രാദേശികമായി പഞ്ചാബിലും ഹരിയാനയിലും സഖ്യമുണ്ടാക്കാം. പക്ഷേ, ഈ പാർട്ടികൾക്ക് എൻഡിഎയുമായോ ഐഎൻഡിഐഎയുമായോ ബന്ധമുണ്ടാവരുത്. ബിജെപിയും കോൺഗ്രസും പാവങ്ങളുടെ ക്ഷേമത്തിനുള്ള വാഗ്ധാനങ്ങൾ പാലിക്കാത്തവരാണ്. അവർക്ക് വേണ്ടി ഇരു പാർട്ടികളും ഒന്നും ചെയ്തിട്ടില്ല. ദളിതുകൾ, ആദിവാസികൾ, മുസ്ലിങ്ങൾ തുടങ്ങി ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഇരു പാർട്ടികളുടെയും നിലപാട് ഒരുപോലെയാണ് എന്നും മായാവതി പറഞ്ഞു.
അതേസമയം, തങ്ങളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ട പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാവ് പരാതി നൽകി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷം രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.
#WATCH | BSP chief Mayawati, says, "We will fight the elections alone. We will contest the election on our own in Rajasthan, Madhya Pradesh, Chhattisgarh, Telangana and in Haryana, Punjab and other states we can contest elections with the regional parties of the state." pic.twitter.com/cf1hisNrAt
— ANI UP/Uttarakhand (@ANINewsUP) July 19, 2023
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിടാൻ തീരുമാനിച്ചിരുന്നു. ബെംഗളൂരുവിൽ നടന്ന വിശാല പ്രതിപക്ഷ പാർട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം രാജ്യത്തിന്റെ അന്തസ്സ് ഹനിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവിന്റെ പരാതി.
‘INDIA’ എന്ന പേര് പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ അന്തസ്സിനെ അപമാനിക്കുന്നതിന് തുല്യമാണ്. സഖ്യം ജയിച്ചാൽ ‘ഇന്ത്യ’ വിജയിച്ചെന്ന് ആളുകൾ പറയും. മറിച്ചായാൽ ‘ഇന്ത്യ’ തോറ്റു എന്ന് പ്രചരിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ ആവശ്യമാണെന്നും രാജ്യത്തിന്റെ അന്തസ്സ് നിലനിർത്താനും, ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നും അശുതോഷ് ദുബെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlights: Neither NDA nor INDIA Mayawati BSP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here