പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

7-Year-Old Girl Dies After Chinese Kite String Slits Her Throat In Delhi: പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ചില്ലുപൊടിയിൽ നിർമിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങുകയായിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ പശ്ചിം വിഹാറിലാണ് വേദനാജനകമായ സംഭവം.
പിതാവിനൊപ്പം ബൈക്കിൽ നീന്തൽ ക്ലാസിന് പോകുകയായിരുന്നു പെൺകുട്ടി. വഴിയിൽ വച്ച് ചൈനീസ് പട്ടം ചരട് കുടുങ്ങുകയും കഴുത്തിന് ഗുരുതരമായി മുറിവേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ചൈനീസ് പട്ടം ചരട് വിൽക്കുകയും ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തവരാണ് അറസ്റ്റിലായത് ഡിസിപി ഹരേന്ദ്ര സിംഗ് പറഞ്ഞു. പശ്ചിമ വിഹാർ പ്രദേശത്തെ കടകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 200 ഓളം പട്ടങ്ങളും 33 ചരടുകളും പിടിച്ചെടുത്തു.
2017-ൽ ചൈനീസ് പട്ടം ചരടുകളുടെ വിൽപന, ഉൽപ്പാദനം, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ ഡൽഹിയിൽ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Story Highlights: 7-Year-Old Girl Dies After Chinese Kite String Slits Her Throat In Delhi