Advertisement

ബോംബിനെ വെല്ലുവിളിച്ച് ബാര്‍ബി; ബോക്‌സ്ഓഫിസില്‍ നോളന്‍ ചിത്രത്തേയും കടത്തി വെട്ടിയ ബാര്‍ബിയുടേത് കുട്ടിക്കളിയോ?

July 23, 2023
2 minutes Read
Barbie and Oppenheimer box office collection and analysis

ക്രിസ്റ്റഫര്‍ നോളന്റെ ത്രില്ലര്‍ ചിത്രവും ആറ്റം ബോംബിന്റെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിത കഥയുമായ ഓപ്പണ്‍ഹൈമറേയും ബോക്‌സ്ഓഫിസില്‍ കടത്തി വെട്ടിയിരിക്കുകയാണ് ഗ്രെറ്റ് ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി എന്ന ചലച്ചിത്രം. ബാര്‍ബിയുടെ പിങ്ക് ലോകത്തിന്റെ വശ്യതയും കെട്ടുകാഴ്ചകളും ഒക്കെയുണ്ടെങ്കിലും ഓപ്പണ്‍ഹൈമറെ വെല്ലുവിളിച്ച ബാര്‍ബിയുടേത് കുട്ടിക്കളി മാത്രമല്ലെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും മനസിലാക്കിയിട്ടുണ്ട്. ഗൗരവമുള്ള, വലിഞ്ഞു മുറുകിയ പോലെയൊരു സമീപനമല്ല ബാര്‍ബി സിനിമയ്ക്കുള്ളതെങ്കിലും സിനിമ വല്ലാത്ത രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. കുട്ടികളുടെ പ്രീയപ്പെട്ട ബാര്‍ബിയും അവരുടെ ലോകവും കാട്ടുന്ന ഈ ചിത്രം കുട്ടികള്‍ക്കൊപ്പം കാണാമോ അവരെ കാണിക്കേണ്ടതാണോ, അവരോടാണോ ഈ ചിത്രം സംസാരിക്കുന്നത് മുതലായ ചോദ്യങ്ങള്‍ ഇപ്പോഴും സജീവമാണ്. ബാര്‍ബി കുട്ടി സിനിമയാണോ എന്ന് പരിശോധിക്കാം.

ജെന്‍ഡര്‍ കണ്ടീഷനിംഗ്, പുരുഷാധിപത്യം, ഫെമിനിസം, ആണ്‍, പെണ്‍ സ്വത്വബോധം, ടോക്‌സിക് പുരുഷ അഹന്ത, സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കല്‍ മുതലായ വിഷയങ്ങള്‍ കൈകാര്യം ചെയ്തുപോകുന്ന സിനിമ കേലവം പിങ്ക് ബാര്‍ബി ലാന്‍ഡ് കാണാനുള്ള കൗതുകമല്ലാതെ മറ്റൊന്നും കുട്ടികള്‍ക്ക് നല്‍കാന്‍ പോകുന്നില്ല. കാര്‍ട്ടൂണോ അനിമേഷനോ അല്ലാതെ മനുഷ്യര്‍ തന്നെയാണ് ബാര്‍ബിയായി വരുന്നതും.

Read Also: തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രം പോസ്റ്ററിൽ; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്

ബാര്‍ബിയെ സ്‌നേഹിക്കുന്നവരെയല്ല മറിച്ച് ബാര്‍ബിയെ ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടി ഉള്ളതാണ് ചിത്രമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ ബാര്‍ബിയെ അണിയിച്ചൊരുക്കി അവയോടൊപ്പം കളിക്കുന്ന കുട്ടികളല്ല ബാര്‍ബിയുടെ ടാര്‍ജെറ്റ് ഓഡിയന്‍സ് എന്ന് വ്യക്തമാണ്. ടോക്‌സിക് പുരുഷാധിപത്യത്തെക്കുറിച്ചുള്ള ആഖ്യാനം എങ്ങനെ വേണമെന്നതിന്റെ ഏജന്‍സി ഒരു സ്ത്രീ ഏറ്റെടുക്കുമ്പോള്‍ അത് എങ്ങനെ ഉണ്ടാകും എന്നതാണ് പുതിയ ബാര്‍ബി തെളിയിക്കുന്നതെന്ന് ചില സൂചനകളിലൂടെ ഗ്രേറ്റ പറയുന്നു.

കാര്‍ട്ടൂണ്‍ രൂപത്തില്‍ മാത്രം കണ്ടിട്ടുള്ള ബാര്‍ബിയെ മനുഷ്യരുടെ രൂപത്തില്‍ ജീവനോടെ കാണുന്നത് കുട്ടികള്‍ക്ക് ഒരുപക്ഷേ ഇഷ്ടമായേക്കാം. മാര്‍ഗോ റോബി ബാര്‍ബിയായും റയാന്‍ ഗോസ്ലിങ് കെന്‍ ആയും ചിത്രത്തിലെത്തുന്നു. ബാര്‍ബി ലാന്‍ഡ് വിട്ട് മനുഷ്യരുടെ ഭൂമിയിലെത്തുന്ന ബാര്‍ബിയുടേയും കെന്നിന്റേയും അവിടെ അവര്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മനുഷ്യരുടെ ലോകത്തിലെ പ്രാതിനിധ്യം, പാര്‍ശ്വവത്ക്കരണം, ആധിപത്യം, ലിംഗപദവി മുതലായവ പ്രശ്‌നവത്ക്കരിച്ചുകൊണ്ടാണ് ബാര്‍ബിയുടെ യാത്ര മുന്നോട്ടുപോകുന്നത്. ഇതിന് മുന്‍പ് നാം കണ്ടിട്ടുള്ള ബാര്‍ബി കഥകളില്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത കെന്‍ എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണില്‍ കൂടിയും മനുഷ്യരുടെ ലോകത്തിന്റെ കഥ പറയാന്‍ ഗ്രേറ്റ ശ്രമിച്ചിട്ടുണ്ട്. ഒരു അടിസ്ഥാനവുമില്ലാതെ മനുഷ്യരുടെ ലോകത്തില്‍ പുരുഷന്മാര്‍ക്ക് മാത്രം ലഭിക്കുന്ന മുന്‍ഗണന കെന്നില്‍ ആവേശിക്കപ്പെടുന്നത് ചിത്രം വളരെ നന്നായാണ് ദൃശ്യവത്ക്കരിക്കുന്നത്.

കൈകാര്യം ചെയ്യുന്ന വിഷയം ഗൗരവമുള്ളതാണെങ്കിലും ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെടുത്താവുന്നതാണ് ഗ്രേറ്റയുടെ ബാര്‍ബി. ഫാന്റസി ചിത്രമെന്ന നിലയില്‍ ഇത് കുട്ടികളെ കാണിക്കാവുന്നതാണോ എന്ന് ചോദിച്ചാലും 13 വയസിന് മുകളിലുള്ളവരെയാണ് ചിത്രം ടാര്‍ജെറ്റ് ഓഡിയന്‍സ് ആയി കാണുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടികള്‍ക്ക് ചിത്രത്തിലെ സംഭാഷണങ്ങള്‍ ആസ്വദിക്കാനും ചിത്രം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും സാധിക്കും.

ഇന്റര്‍നാഷണല്‍ ബോക്‌സ്ഓഫിസില്‍ ഓപ്പണ്‍ഹൈമറിന് ബാര്‍ബി മികച്ച മത്സരം നല്‍കിയെന്ന് മാത്രമല്ല, എല്ലാവരും കാത്തിരുന്ന നോളന്‍ ചിത്രത്തെ ബാര്‍ബി മറികടന്ന് മുന്നേറുക കൂടി ചെയ്തിരിക്കുകയാണ്. ജൂലൈ 21നാണ് ബാര്‍ബി റിലീസ് ചെയ്തത്. ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്ന് മാത്രം ബാര്‍ബി ഇന്നലെ വാരിക്കൂട്ടിയത് അഞ്ച് കോടിയാണ്. അതേസമയം നോളന്റെ ഓപ്പണ്‍ഹൈമര്‍ ആദ്യദിനം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 13 കോടി നേടിയെങ്കിലും അന്താരാഷ്ട്ര തലത്തിലെ അവസ്ഥ അതല്ല. ബാര്‍ബി അമേരിക്കന്‍ ബോക്‌സ് ഓഫിസില്‍ 22.3 മില്യണ്‍ ഡോളര്‍ നേടിയപ്പോള്‍ ഓപ്പണ്‍ഹെയ്മറിന് 10.5 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടാനായിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ഇന്ത്യന്‍ ബോക്‌സ്ഓഫിസില്‍ നിന്ന് ആകെ 120 മുതല്‍ 140 കോടി വരെ വാരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ബോക്‌സ്ഓഫിസില്‍ ഓപ്പണ്‍ഹൈയ്മറോട് ബാര്‍ബിപ്പാവ നടത്തുന്ന ഈ ബോക്‌സ്ഓഫിസ് യുദ്ധത്തെ ബാര്‍ബന്‍ഹൈമര്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുകയാണ് സോഷ്യല്‍ മീഡിയ.

Story Highlights: Barbie and Oppenheimer box office collection and analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement