Advertisement

ഗോൾഡൻ ട്രയാങ്കിളും മണിപ്പൂരിലെ വംശീയ സംഘർഷവും; പ്രചരിപ്പിക്കുന്ന കഥകൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

July 23, 2023
Google News 4 minutes Read
Golden Triangle and Ethnic Conflict in Manipur

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ ബെർമുഡ ട്രയാങ്കിളിനെപ്പറ്റി നമ്മൽ ധാരാളമായി കേട്ടിട്ടുണ്ട്. അതുപൊലെ കൊക്കയ്നും ഹെറോയിനും മെത്തും ഒഴുകുന്ന ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത ഗോൽഡൻ ട്രയാങ്കിളിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ?.. കറുപ്പിന്റെയും ഹെറോയിൻ വ്യാപാരത്തിന്റെയും കേന്ദ്രബിന്ദുവായ ഗോൽഡൻ ട്രയാങ്കിളും മണിപ്പൂരിലെ വംശീയ സംഘർഷങ്ങളും തമ്മിലുള്ള ബന്ധം അതിസങ്കീർണമാണ്. ( Golden Triangle and Ethnic Conflict in Manipur; This is the reality behind the stories being circulated ).

മയക്കുമരുന്ന് വ്യാപാരത്തിന്റെയും ദേശീയ സുരക്ഷയുടെയും വീക്ഷണകോണിൽ നിന്ന് മണിപ്പൂരിലെ വംശീയ അക്രമത്തെ നോക്കിക്കാണുമ്പോൾ, നമുക്ക് മനസിലാവുന്ന ചില ഭയപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളുണ്ട്. അതിൽ മണിപ്പൂർ സർക്കാരിന്റെ ചില ഏകപക്ഷീയ നയങ്ങളും ഉൾപ്പെടുന്നു.

പതിറ്റാണ്ടുകളായി മണിപ്പൂരിനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മയക്കുമരുന്ന് കൃഷിയും അതിന്റെ വ്യാപാരവും. മ്യാൻമാർ, തായ്‌ലൻഡ്, ലാവോസ് എന്നീ മൂന്ന് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളുടെ സംഗമസ്ഥാനമാണ് കിഴക്കൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ. നിയമവിരുദ്ധമായ കറുപ്പിന്റെയും ഹെറോയിൻ വ്യാപാരത്തിന്റെയും അന്താരാഷ്ട്ര ശൃംഖലയുടെ പ്രധാന ബിന്ദുവാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗത്തിൽ 70 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്.

മണിപ്പൂരിലെ മോറെ, മിസോറാമിലെ ചമ്പായി എന്നീ രണ്ട് പ്രവേശന കേന്ദ്രങ്ങളിൽ നിന്നാണ് മ്യാൻമാറിലെ ഹെറോയിനും മെത്തും ഇന്ത്യയിലേക്ക് വരുന്നതും ഇന്ത്യയിലെ ലഹരി ഉൽപ്പന്നങ്ങൾ മ്യാൻമാറിലേക്ക് പോവുന്നതും. മോർഫിൻ, ഹെറോയിൻ എന്നിവയുടെ അനധികൃത വിതരണത്തിൽ മുൻപന്തിയിലാണ് മ്യാൻമാർ. ലോകത്തിലെ ഹെറോയിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും മ്യാൻമാറാണ്. ഇത് പിന്നീട് ലാവോസ്, വിയറ്റ്‌നാം, തായ്‌ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ കടൽമാർഗ്ഗം യുഎസ്, യുകെ, ചൈന എന്നിവിടങ്ങളിലേക്ക് വൻതോതിൽ എത്തിപ്പെടുകയാണ്.

അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനെതിരായ “യുദ്ധം” എന്ന വിശേഷണത്തോടെ മണിപ്പൂരിൽ സംസ്ഥാന സർക്കാർ പലരെയും അറസ്റ്റ് ചെയ്യുകയും കടുത്ത നിമയനടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. മലയോര പ്രദേശത്ത് വൻതോതിൽ പോപ്പി കൃഷി ചെയ്യുന്ന ഗ്രാമത്തലവന്മാർ പോലും ഇക്കൂട്ടത്തിൽ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ ഏറെയും കുക്കി സമുദായത്തിൽ പെട്ടവരായിരുന്നു എന്നത് യാഥാർത്ഥ്യമാണ്.

എന്നാൽ മയക്കുമരുന്ന് വേട്ടയെന്ന പേരിൽ കുക്കി സമുദായത്തിൽപ്പെട്ടവരെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സർക്കാർ നയം അവിടുത്തെ വംശീയ സംഘർഷങ്ങളിലേക്ക് എണ്ണ പകരാൻ പര്യാപ്തമായിരുന്നു. ഹെറോയിൻ വ്യാപാരത്തിൽ വൻ തോക്കുകളിൽ പലർക്കും ഭരണകൂടത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതിനാലാണ് ലഹരിക്കെതിരായ യുദ്ധം എന്ന പ്രതീതി ജനിപ്പിച്ച് സംസ്ഥാന സർക്കാർ നടത്തിയ ആന്റി ഡ്ര​ഗ് നീക്കത്തിന് വലിയ പിന്തുണ സാധാരണക്കാരിൽ നിന്നും ലഭിക്കാതെ പോയത്.

​മണിപ്പൂരിൽ പോപ്പി കൃഷിയിൽ കൂടുതലായി ഏർപ്പെടുന്നത് കുക്കി, നാ​ഗാ വിഭാ​ഗത്തിൽപ്പെട്ടവരാണ്. എന്നാൽ കൃഷി കൊണ്ട് മാത്രം കാര്യമില്ലല്ലോ… അത് പ്രോസസ് ചെയ്യുന്നതോ, അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നതോ, ഇതിന് പണമിറക്കുന്നതോ കുക്കികളല്ല. മറ്റെല്ലാ ജനവിഭാ​ഗത്തിലുമുള്ളവർ ലഹരിക്കച്ചവടത്തിന്റെ വിവിധ കണ്ണികൾ തന്നെയാണ്. ഇതിലൂടെ കൂടുതൽ ലാഭം കൊയ്യുന്നതും അവരാണ്. എന്നാൽ ലഹരിക്കൃഷിയുടെ പാപഭാരം മുഴുവൻ കുക്കികളുടെ തലയിലിട്ട് കലാപത്തിന് മറ്റൊരു മുഖം നൽകാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതിന്റെ ഭാ​ഗമായാണ് ​ഗോൽഡൻ ട്രയാങ്കിൾ ചർച്ചകളിൽ നിറയുന്നത്.

പച്ചയ്ക്ക് പറഞ്ഞാൽ, ഇപ്പോൾ നടക്കുന്ന കലാപത്തിന് ​ഗോൽഡൻ ട്രയാങ്കിളുമായോ ലഹരിക്ക‍ൃഷി, കച്ചവടം എന്നിവയുമായോ നേരിട്ട് വലിയ ബന്ധമൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. ഈ തരത്തിൽ കലാപത്തെ വ്യാഖ്യാനിക്കപ്പെടണമെന്നത് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാ​ഗമാണെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്. ശക്തമായ ഈ രാഷ്ട്രീയ വിമർശനത്തിനും കൂടി ബിരേൻ സിംഗ് സർക്കാർ മറുപടി പറയേണ്ടതുണ്ട്.

മെയ് എട്ടിന്, അക്രമ ബാധിത പ്രദേശങ്ങളിൽ സംഘർഷം കൊടുമ്പിരി കൊള്ളവേ, മണിപ്പൂർ പൊലീസിന്റെ പ്രത്യേക വിഭാഗമായ നാർക്കോട്ടിക്‌സ് ആൻഡ് അഫയേഴ്‌സ് ഓഫ് ബോർഡർ (NAB) ഇംഫാലിലെ മന്ത്രിപുഖ്രി പ്രദേശത്ത് നിന്ന് പോപ്പി വിത്തുകളും മ്യാൻമാറിന്റെ കറൻസി നോട്ടുകളും അടങ്ങിയതായി സംശയിക്കുന്ന 77 ഗണ്ണി ബാഗുകൾ പിടിച്ചെടുത്തിരുന്നു. നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത വീട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റേതാണെന്നും പ്രചാരണമുണ്ടായി. ഈ കലാപത്തെ ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി, പുതിയൊരു വ്യാഖ്യാനം സൃഷ്ടിക്കാൻ ഈ സംഭവം വളരെ പര്യാപ്തമായിരുന്നു താനും.

മണിപ്പൂർ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2017നും 2018നും ഇടയിൽ 18,664 ഏക്കറിലധികം പോപ്പി കൃഷി ചെയ്ത ഭൂമി ഭരണകൂടം നശിപ്പിച്ചിട്ടുണ്ട്. ഈ പരിശോധനകളിൽ കൂടുതലും മലയോര ജില്ലകളിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു. ഇത് കുക്കികളെ ലക്ഷ്യമിട്ട് മാത്രമാണെന്ന ആക്ഷേപം പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെ ഉന്നയിക്കുന്നുമുണ്ട്. ബിരേൻ സിംഗ് സർക്കാരിന്റെ തീർത്തും ഏകപക്ഷീയമായ ഇത്തരം ഭരണകൂട നടപടികൾ, ഇനിയും കെട്ടടങ്ങാത്ത സംഘർഷത്തിന്റെ കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മെയ്തികളെ പട്ടികവർഗ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവർ ഭൂരിപക്ഷമുള്ള കുക്കികൾ നടത്തിയ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ചിനെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷം ആരംഭിക്കുന്നത്. ഗോത്രവർഗ ഐക്യദാർഢ്യ മാർച്ചിന് ശേഷം ആസൂത്രിത അക്രമങ്ങൾ നിർബാധം നടന്നത് കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ മാത്രമാണ്. വർ​ഗീയ സംഘർഷങ്ങളിൽ വൻ തോതിൽ ആക്രമിക്കപ്പെട്ടതും കുക്കികൾ തന്നെ. മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിലേക്ക് മയക്കുമരുന്ന് വ്യാപാരത്തിന്റെയും ദേശീയ സുരക്ഷയുടെയും പേര് പറഞ്ഞുകൊണ്ട് ഗോൽഡൻ ട്രയാങ്കിളിനെ കണക്റ്റ് ചെയ്ത അജണ്ട സെറ്റിം​ഗാണ് ഇവിടെ നടന്നിരിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.

മെർച്ചൻസ് ഓഫ് മാഡ്നെസ്; ദി മെത്താഫിറ്റാമിൻ എക്സ്പ്ളോഷൻ ഇൻ ദി ​ഗോൾഡൻ ട്രയാങ്കിൾ എന്ന ഗ്രന്ഥത്തിൽ, സ്വീഡിഷ് പത്രപ്രവർത്തകൻ ബെർട്ടിൽ ലിന്റ്നറും തായ്‌ലൻഡിലെ എഴുത്തുകാരൻ മൈക്കിൾ ബ്ലാക്കും പറയുന്ന ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. “ശക്തരും സ്വാധീനമുള്ളവരുമായ വ്യക്തികളുടെയോ ​ഗ്രൂപ്പിന്റെയോ പിന്തുണയും സംരക്ഷണവുമില്ലാതെ, തെക്കുകിഴക്കൻ ഏഷ്യയിലെ മയക്കുമരുന്ന് വ്യാപാരം ഒരുകാരണവശാലും സാധ്യമല്ല”. അത് തന്നെയാണ് ഇവിടുത്തെ പ്രധാന പോയിന്റും. ഇവിടുത്തെ മയക്ക് മരുന്ന് വ്യാപാരത്തിന്റെ പ്രധാന കണ്ണികൾ കുക്കി വിഭാ​ഗക്കാരല്ല. അവർ ഇതിന്റെ ഒരു ഭാ​ഗം മാത്രമാണ്. മറ്റ് കാരണങ്ങളാലുണ്ടായ ലഹളയ്ക്ക് ലഹരിക്കടത്തുമായി ബന്ധപ്പെടുത്തിയുള്ള വ്യാഖ്യാനം ചമയ്ക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നതിൽ തർക്കമില്ല.

Story Highlights: Golden Triangle and Ethnic Conflict in Manipur; This is the reality behind the stories being circulated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here