കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണം; കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി

കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണ കമ്മിറ്റിയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി. ഷൂട്ടിംഗ് തിരക്കുകൾ കാരണം മഞ്ജു വാര്യർ അസൗകര്യം പ്രകടിപ്പിച്ചു. സംവിധായകൻ രാജീവ് രവിയും കമ്മിറ്റിയിൽ നിന്ന് പിന്മാറി.(Manju Warrier wont be a part of Kerala State Film Policy)
കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാൻ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായുള്ള സർക്കാർ തല വിജ്ഞാപനം പുറത്തു വന്നതിനു പിന്നാലെ ഗൗരവമായ ചില ആശങ്കകൾ പങ്കുവച്ച് ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു.
Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക് പ്രശ്നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും കാണാനാവില്ലെന്നും ഡബ്ല്യൂ.സി.സി വിമർശിച്ചു. കമ്മിറ്റിയിൽ യോഗ്യരായ അംഗങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും ഡബ്ല്യൂ.സി.സി മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സിനിമയിലെ എല്ലാവരുമായും വിഷയം ചർച്ച ചെയ്യുമെന്നും അന്തിമ തീരുമാനം മെഗാ കോൺക്ലേവിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സാംസ്കാരിക വകുപ്പാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലെ ഷാജി എൻ. കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.
Story Highlights: Manju Warrier wont be a part of Kerala State Film Policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here