മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗം ചെയ്ത സംഭവം; കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടു
മണിപ്പൂരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ കേസ് സിബിഐക്ക് വിട്ടു. സമഗ്ര അന്വേഷണത്തിനാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും നൽകും. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
നേരത്തെ 19കാരനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിടുന്നത്. കേസിൽ പ്രതികളുടെ അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താൽ ആണെന്നായിരുന്നു മണിപ്പൂർ പൊലീസിന്റെ വിശദീകരണം.
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ്ങാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 22ാം തീയതി 19കാരനടക്കം രണ്ടു പേർ കൂടി അറസ്റ്റിലായി. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹെരോദാസ് സിങ്ങിൻറെ വീട് കത്തിച്ചിരുന്നു.
Story Highlights: brutal rape in manipur; Ministry of Home Affairs handed over the case to CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here