Advertisement

പ്രതിപക്ഷ സഖ്യം ഇന്ന് മണിപ്പൂരിൽ

July 29, 2023
Google News 1 minute Read
Opposition bloc INDIA leaders to visit Manipur today

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. അക്രമബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ നേതാക്കൾ വിലയിരുത്തും. തുടർന്ന് ഞായറാഴ്ച സംഘം ഗവർണറെ കാണും. കേരളത്തിൽ നിന്നുള്ള നാല് എംപിമാരും സംഘത്തിലുണ്ട്.

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പ്രതിപക്ഷ സഖ്യത്തിൽ നിന്നുള്ള 20 എംപിമാരുടെ പ്രതിനിധി സംഘം ശനിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ ഇംപാലിൽ എത്തും. സംസ്ഥാനത്തെ മലയോര മേഖലകളിലെയും താഴ്‌വരയിലെയും അക്രമ ബാധിത പ്രദേശങ്ങൾ സംഘം സന്ദർശിക്കും. ഞായറാഴ്ച മണിപ്പൂർ ഗവർണർ അനുസൂയ യുകെയെയും സംഘം കാണും.

എംപിമാർ തങ്ങളുടെ കണ്ടെത്തലുകൾ പാർലമെന്റിൽ ഉന്നയിക്കും. പാർലമെന്റിൽ ചർച്ച അനുവദിച്ചില്ലെങ്കിൽ എംപിമാർ വാർത്താസമ്മേളനം നടത്തുമെന്നും പ്രതിപക്ഷ സഖ്യം അറിയിച്ചു. കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, സന്തോഷ് കുമാർ (സിപിഐ), എ.എ റഹീം (സിപിഐഎം), പി.പി മുഹമ്മദ് ഫൈസൽ (എൻസിപി), ഇ.ടി മുഹമ്മദ് ബഷീർ(ഐയുഎംഎൽ), എൻ.കെ പ്രേമചന്ദ്രൻ (ആർഎസ്പി) ഡി രവികുമാർ (വിസികെ) എന്നിവർ 20 അംഗ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.

അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മണിപ്പൂരിൽ നടന്ന വിവിധ അക്രമസംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വിഷ്ണുപുരിലെ ആറ് വീടുകൾക്ക് അക്രമികൾ തീയിട്ടു. വിവിധയിടങ്ങളിൽ അക്രമസംഭവങ്ങൾ തുടരുന്നതായും അന്വേഷണ സംഘം അറിയിച്ചു.

Story Highlights: Opposition bloc INDIA leaders to visit Manipur today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here