Advertisement

നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് പറഞ്ഞത് പൊലീസ് മർദിച്ചതിനാൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്സാന

July 30, 2023
Google News 2 minutes Read
afsana response police brutality

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയ അഫ്സാന പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന 24നോട് പറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവർ കാണിച്ചു. (afsana response police brutality)

താൻ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പ്രതികരിച്ചു.

കേസിൽ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന നൽകിയ മൊഴി. എന്നാൽ നൗഷാദ് തിരിച്ചെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്.

Read Also: നൗഷാദിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്ക് സുഹൃത്തിന്റെ സഹായം ലഭിച്ചു; വീണ്ടും മൊഴിമാറ്റി അഫ്സാന

നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

2021 നവംബര്‍ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദ് നല്‍കിയ മൊഴി.

Story Highlights: afsana response noushad police brutality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here